അഴിമതിയില്‍ ബി.ജെ.പി സര്‍ക്കാര്‍ യു.പി.എ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നില്‍: പിണറായി

തിരുവനന്തപുരം: നവഉദാരവത്കരണത്തിലും ജനദ്രോഹനടപടികളിലും അഴിമതിയിലും കോണ്‍ഗ്രസിനോട് മത്സരിച്ച് ഒന്നാംസ്ഥാനം കൈക്കലാക്കാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ശ്രമമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അഴിമതിയിലും ബി.ജെ.പി സര്‍ക്കാര്‍ യു.പി.എ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നിലത്തെിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിദ്യഭ്യാസ മേഖലയെ പോലും വര്‍ഗീയവത്ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പാഠപുസ്തകങ്ങളില്‍ വിവേകാനന്ദന്റെയൊപ്പം പീഡനകേസില്‍ പ്രതിയായ ആള്‍ ദൈവം സ്ഥാനം പിടിച്ചത്. വ്യക്തികളുടെ കഴിവുകളേക്കാള്‍ തങ്ങളുടെ വര്‍ഗീയ താല്‍പര്യങ്ങളോട് ചേര്‍ന്ന് നിക്കുന്നവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കുന്നത്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിയമനം ഇതിന് ഒരു ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.

Loading...

തീവ്രവാദം എന്നത് ചില മതങ്ങളുടെ മാത്രം സൃഷ്ടിയാണെന്നാണ് ബി.ജെ.പി നിലപാട്. മാലേഗാവ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സംഘ്പരിവാര്‍ നേതൃത്തിനാണെന്ന് സ്‌ഫോടനം സംബന്ധിച്ച് അന്വേഷിച്ച ശ്രീകൃഷ്ണകമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംഘ്പരിവാര്‍ നടത്തിയ സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.