ഉപ്പും മുളകിലെ എപ്പിസോഡ് എടുത്ത് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, കാരണം ഇതാണ്

സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി പേരാണ് എത്തുന്നത്. ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങള്‍ എത്തിച്ചും തങ്ങള്‍ക്കാവുന്നവിധം സഹായങ്ങള്‍ നല്‍കിയും നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു എപ്പിസോഡ് തന്നെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ സഹായിക്കാനായി നീക്കിവെച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’.

പ്രളയക്കെടുതിയില്‍ നാടിന്റെ ദുരിതാശ്വാസത്തിന് സഹായമാകും വിധം പരിപാടിയുടെ ഒരു എപ്പിസോഡ് നീക്കിവച്ചതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. സ്വാഗതാര്‍ഹമായ നടപടിയാണ് അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ഒപ്പം എപ്പിസോഡിന്റെ ലിങ്കും പങ്കുവെച്ചിട്ടുണ്ട്.

Loading...

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്‌ലവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്‍പികളെ അഭിനന്ദിക്കുന്നു.