അവിടെപ്പോയി ഇരിക്ക്… പൊതുവേദിയില്‍ സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി

കണ്ണൂര്‍: പൊതുവേദിയില്‍ തന്റെയടുത്തെത്തി വിമര്‍ശനം നടത്തിയ സ്ത്രീയോട് രോഷാകുലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോടു വിനയാന്വിതരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ ഇന്നലെത്തന്നെയാണ് ഈ സംഭവമെന്നത് സി.പി.ഐ.എമ്മിന് തലവേദനയാകുകയാണ്.

മഴക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയവരെ ആദരിക്കാനായി കണ്ണൂരില്‍ ജില്ലാ ഭരണകൂടം നടത്തിയ ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍.

Loading...

മുഖ്യമന്ത്രി വേദിയില്‍ എത്തിയതോടെ സദസ്സില്‍ നിന്ന് സ്ത്രീ വേദിയിലേക്കു കയറിച്ചെന്ന് അദ്ദേഹത്തിനു കൈകൊടുത്തു സംസാരിക്കുകയായിരുന്നു. സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു മുഖ്യമന്ത്രി പറയുന്നുണ്ട്.

എന്നാല്‍ ഇതുകൊണ്ടും ശാന്തയാകാത്ത സ്ത്രീ വീണ്ടും മുഖ്യമന്ത്രിയോട് എന്തൊക്കെയോ പറയുന്നുണ്ട്. അടുത്തുണ്ടായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ അവരെ ശാന്തയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി ‘പോയി ഇരിക്ക്’ എന്നും ‘അവിടെപ്പോയി ഇരിക്ക്’ എന്നും രോഷാകുലനായി പറഞ്ഞത്.

അതോടെ സ്ത്രീ തിരിച്ച് സദസ്സിലേക്കു പോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ മാറ്റിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ക്കാണാം.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വേദിയിലേക്കു സ്ത്രീ കയറി അത്തരത്തില്‍ സംസാരിച്ചത് സുരക്ഷാ വീഴ്ചയായും ആരോപണം ഉയരുന്നുണ്ട്.