കേന്ദ്ര ബജറ്റ്;പ്രവാസിവിരുദ്ധമെന്നും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രബജറ്റിലെ ആദായനികുതിലുണ്ടായ മാറ്റം പ്രവാസി വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാത്രമല്ല ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തുമയച്ചിട്ടുണ്ട്.ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം ടാക്‌സ് ആക്റ്റ് 1961 – ലെ സെക്ഷന്‍ 6 ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍, 182-ണ്ടോ അതില്‍ കൂടുതലോ ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരേയോ, ഇന്ത്യയില്‍ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിര്‍ദേശം. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക.

Loading...

ധനകാര്യ ബില്ലിന്റെ വിശദീകരണ കുറിപ്പില്‍ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങള്‍ പാലിക്കുന്ന ആളുകളെയാണ് ഭേദഗതി ബാധിക്കുക.മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുള്ള ഭൂരിപക്ഷം മലയാളികളും കേരളത്തില്‍ വീടും കുടുംബവും-ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങള്‍ക്കായി അവര്‍ കേരളത്തില്‍ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല.

നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തില്‍ പെടുന്നവരല്ല അവര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലുള്ള കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസിയായി കണക്കാക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തം നാടിനോടുള്ള സ്‌നേഹത്തിലും കര്‍ത്തവ്യങ്ങളിലുമാണ് കത്തിവെയ്ക്കുന്നത്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മര്‍ച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ വിവിധ കാരണങ്ങളാല്‍ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആശങ്ക.

പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മറ്റൊരു ഭേദഗതി നിര്‍ദേശം ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യന്‍ പൗരനായ വ്യക്തി, മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ്. നികുതി വെട്ടിപ്പ് തടയുകയും അത് കണ്ടെത്തി ആ പണം സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യണം എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അത്തരം നടപടികള്‍ ആദായ നികുതി അടയ്ക്കാന്‍ വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗള്‍ഫ് മലയാളികളെ തകര്‍ക്കുന്നതാകരുത്.

കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്.

നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരില്‍ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.