മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് അതീവ സുരക്ഷ; സെക്യൂരിറ്റിക്കായി 65 പൊലീസുകാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോ​ഗക വസതിക്ക് അതീവ സുരക്ഷ ഏർപ്പെടുത്തി.സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കമാൻഡോ സംഘത്തെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയമിച്ചിരിക്കുന്നത്. ഇതിന് പുറമെ, വസതിയ്ക്ക് ചുറ്റും സിസിടിവി ക്യാമറ സംവിധാനവും കൺട്രോൾ റൂം നിരീക്ഷണവും ഉണ്ടായിരിക്കും. ഇവ 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യും. വസതിയിലെ മെയിൻ ഗേറ്റിലെ പഴയ ഗാർഡ് റൂമിൽ ആണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. കൺട്രോൾ റൂം അസി.കമ്മീഷണർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല.

65 പൊലീസുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിക്കുണ്ടാകും. ക്ലിഫ് ഹൗസ് വളപ്പുൾപ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കൺട്രോൾ റൂം പരിധിയിലുള്ളത്. ഈ ഭാഗത്തെ, ഒൻപത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും ക്യാമറ നിരീക്ഷണത്തിലാക്കി. 32 ക്യാമറകളാണുള്ളത്. ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളിൽ പിൻവശത്തുൾപ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.സിൽവർ ലൈൻ പദ്ധതിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി, ക്ലിഫ് ഹൗസിന് സമീപം യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ സർവേകല്ല് സ്ഥാപിച്ചിരുന്നു. ഇത്, ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ഇതോടെയാണ്, മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Loading...