ശബരിമലയിലെ വിധി എന്തു തന്നെയായാലും അത് നടപ്പാക്കുമെന്ന് പിണറായി

തിരുവനന്തപുരം: ശബരിമലയിലെ സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും അത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി നടപടികളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി അതേപടി നടപ്പിലാക്കും. പുനഃപരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുന്നതെന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്.

Loading...

മണ്ഡലകാലം വരാനിരിക്കെ കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങളും പ്രകോപനങ്ങളും അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ല. പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ട് പേര്‍ പുനഃപരിശോധനാ ഹര്‍ജിക്കെതിരെ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ മണ്ഡലകാലത്തെ ഏറ്റവും കലുഷിതമാക്കിയത് സുപ്രീംകോടതി വിധി പുറത്തു വന്നതോടെയായിരുന്നു. ഇത്തവണയും ഞായറാഴ്ച പുതിയ മണ്ഡലകാലം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വിധി വന്നിരിക്കുന്നത്. വിധി പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ഗോഗോയി അദ്ധ്യക്ഷനായുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പഴയ വിധിയെഴുതിയ ബഞ്ചില്‍ ഉണ്ടായിരുന്നവരാണ്. 2019 ഫെബ്രുവരി 6 ന് ഒരു ദിവസം മുഴുവന്‍ വാദം കേട്ട് ഒമ്പതു മാസത്തിന് ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് 56 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയത്. വിശ്വാസത്തിന്റെ മൗലീക അവകാശം സംരക്ഷിക്കണം, ഭരണഘടനാ അവകാശങ്ങള്‍ പൊതു സ്ഥലത്തെ തുല്യത ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്നും പ്രതിഷ്ഠയുടെ സ്വഭാവം കണക്കിലെടുക്കണമെന്നുമെല്ലാം പുന:പരിശോധനാ ഹര്‍ജികളില്‍ കക്ഷികള്‍ വാദിച്ചിരുന്നു.

അതേസമയം തന്നെ കേസില്‍ പുതുതായി എന്തെങ്കിലും തെളിവുകളോ രേഖകളോ നിരത്താന്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയ ആര്‍ക്കും കഴിഞ്ഞില്ല.

കഴിഞ്ഞ വിധി പറഞ്ഞ ദീപക് മിശ്രയുടെ പകരക്കാരനായി എത്തിയ രഞ്ജന്‍ഗോഗോയി മാത്രമായിരുന്നു പുതിയ ആള്‍. പുതിയ വിധിയിലും ഇന്ദു മല്‍ഹോത്ര ഒഴികെ ഉള്ളവര്‍ക്ക് ഏകാഭിപ്രായമായിരുന്നു.

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഭരണഘടന പ്രകാരം ആചാരങ്ങള്‍ക്കുള്ള എല്ലാ അവകാശവും സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി വിലയിരുത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.