ഈ മലയാളിയ്‌ക്കെന്താ ഭ്രാന്തുപിടിച്ചോ…? ശബരിമലയില്‍ നിന്ന് പിറവം പള്ളിയുടെ കുടുന്തയിലേയ്ക്ക് എത്ര ദൂരം

പലപേരിട്ട് വിളിക്കുന്ന ദൈവങ്ങളുടെ പേരില്‍ വീണ്ടും കലാപം.മലയാളിയുടെ നിത്യ ഭക്ഷണം പോലെ മത അനുബന്ധ കലഹങ്ങൾ മാറി കഴിഞ്ഞു. ശബരിമലയില്‍ ഒരുകൂട്ടര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങളും കോലാഹലങ്ങളും ടെലിവിഷനിലൂടെ കണ്ടപ്പോള്‍ സഹതപിക്കുകയും അവരെ കുറ്റം പറയുകയും ചെയ്ത മറ്റൊരു കൂട്ടര്‍ ഇപ്പോള്‍ പള്ളിയുടെ കുടുന്തയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്…

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ആശ്വസിപ്പിച്ച കര്‍ത്താവേ.. ഈ പള്ളിയൊന്ന് രണ്ടാക്കി ഈ വിശ്വാസികളെ ഒന്ന് ആശ്വസിപ്പിച്ചൂടേ… മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് കയ്യില്‍ തീപ്പെട്ടിയുമായി നിന്നിട്ടും പോരാഞ്ഞിട്ട് പള്ളിയുടെ കുടുന്തയില്‍ വലിഞ്ഞുകയറി ചാടാന്‍ ഒരുങ്ങുന്നു… അതും പോരാഞ്ഞ് കഴുത്തില്‍ കയറിട്ട് താഴോട്ട് ചാടാനും ഒരുങ്ങുന്നു… ഇപ്പോള്‍ ഏത് വഴിക്ക് ആത്മഹത്യ ചെയ്യണമെന്ന് അവര്‍ക്കുതന്നെ കണ്‍ഫ്യൂഷനാണ്. കാണുന്നവര്‍ക്ക് എന്തു തോന്നും എന്നെങ്കിലും കരുതിക്കൂടേ ഇവറ്റകള്‍ക്ക്. സാക്ഷാല്‍, അയ്യപ്പനും കര്‍ത്താവും ഉള്‍പ്പെടെതുള്ള ദൈവങ്ങള്‍ പോലും ഇതൊക്കെ കണ്ട് കണ്‍ഫ്യൂഷനിലാണ്.

ശരിക്കും ഈ ദൈവങ്ങളൊക്കെ കാരണം ‘പെട്ട്’ ഇരിക്കുന്നത് കേരളാ പോലീസാണ്… പാവത്തുങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍. കോടതി വിധികള്‍ നടപ്പാക്കാന്‍ നെട്ടോട്ടമോടി വിയര്‍ക്കുകയാണ്.ശബരിമലയില്‍ പെണ്ണിനെ കയറ്റാന്‍ നെട്ടോട്ടമോടി തളരുന്നതിനിടെ പിറവം പള്ളിയില്‍ ഇരുപക്ഷത്തുള്ള വിശ്വാസികള്‍ക്കിടയില്‍ ഞെരിഞ്ഞ് അമരുകയാണ്.

വിശ്വാസികളെന്ന പേരില്‍ മതഭ്രാന്ത് മൂത്ത ഒരു പറ്റം ആളുകള്‍ കാട്ടിക്കൂട്ടതൊക്കെയും ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നതോടെ മലയാളിയുടെ വില ദൈനം ദിനം നശിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യം ഈ മൂഢന്മാര്‍ ഇനി എന്നാണ് തിരിച്ചറിയുക.

ദൈവത്തിന്റെ ആലയമെന്ന വിശേഷണത്തോടെയുള്ള ദേവാലയങ്ങള്‍ കലുഷിതമാക്കി ആ ചൈതന്യത്തെ തമ്മില്‍ തല്ലി മലിനപ്പെടുത്തുന്നു… കലികാലം എന്നല്ലാതെ എന്തു പറയാന്‍.’ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ ഇപ്പോള്‍ നടമാടുന്നത് ദൈവത്തെ വിരട്ടിയോടിക്കല്‍ തന്നെ…, ആനക്ക് ഭ്രാന്തു പിടിച്ചാല്‍ ചങ്ങലയ്ക്കിടാം… എന്നാല്‍, ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ…? എന്തായാലും കലികാലം കാത്തിരുന്നു തന്നെ കാണാം.

ഗായത്രി

Top