ജോര്‍ജിനെതിരേ ജോസഫും രംഗത്തെത്തി, പാര്‍ട്ടി ഓഫിസില്‍ അനുയായികള്‍ തമ്മില്‍ സംഘര്‍ഷം.

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി ഓഫിസില്‍ സംഘര്‍ഷം. ഒരാള്‍ക്കു പരുക്കേറ്റു. കെഎസ്‌സി ജില്ലാ നേതൃയോഗത്തിനു മുന്‍പായിരുന്നു പി.സി. ജോര്‍ജിന്റെയും കെ.എം. മാണിയുടെയും അനുയായികള്‍ തമ്മില്‍ സംഘര്‍ഷം. മുദ്രാവാക്യം വിളികളുമായി ഓഫിസിനകത്തു കയറിയ പി.സി. ജോര്‍ജ് അനുകൂലികള്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു.

കോട്ടയത്തു കേരള കോണ്‍ഗ്രസ് ഓഫിസില്‍ കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം തുടങ്ങാനിരിക്കെ ജോര്‍ജ് അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ഇരുപതോളം പേര്‍ പാര്‍ട്ടി ഓഫിസിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറിയതോടെയാണു സംഘര്‍ഷമുണ്ടായത്. ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു സംഭവം. ഓഫിസിന്റെ മുകള്‍നിലയിലുണ്ടായിരുന്നവരും പുറത്തു നിന്നെത്തിയവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തിനിടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. ജനല്‍ച്ചില്ലുകള്‍ കാലുകൊണ്ടു ചവിട്ടിപ്പൊളിക്കുന്നതിനിടെ പി.സി. ജോര്‍ജ് അനുകൂലികളില്‍ ഒരാളായ റിയാസ് അമീന്റെ കാല്‍ മുറിഞ്ഞു. തുടര്‍ന്നു മുദ്രാവാക്യം വിളികളുമായി ഇവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ച മാണി വിഭാഗവുമായി വീണ്ടും ഉന്തും തള്ളുമുണ്ടായി. പിന്നീടു പൊലീസ് ഇടപെട്ടു പ്രവര്‍ത്തകരെ പിടിച്ചുമാറ്റുകയായിരുന്നു.

Loading...

pc george

പി.സി. ജോര്‍ജിനെതിരെ കെ.എം. മാണി നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന പ്രമേയം ജോര്‍ജ് അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കി. ജോര്‍ജിന്റെ മകനും യൂത്ത് ഫ്രണ്ട്‌നേതാവുമായ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ഓഫിസ് ആക്രമിച്ചതെന്നു യൂത്ത് ഫ്രണ്ട് എമ്മും കെഎസ്‌സി നേതാക്കളും ആരോപിച്ചു. പി.സി. ജോര്‍ജിനെ പാര്‍ട്ടി വൈസ് ചെയര്‍മാനായി അംഗീകരിക്കില്ലെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസും കെഎസ്‌സി സംസ്ഥാന ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടനും പറഞ്ഞു.

ജോര്‍ജിനു പിന്തുണ നല്‍കുന്നില്ലെന്നു വ്യക്തമാക്കി മന്ത്രി പി.ജെ. ജോസഫ് മൗനം മുറിച്ചു. ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പിജെ ജോസഫ് രംഗത്ത്. ജോര്‍ജിനു യാതൊരുവിധ പിന്തുണയുമില്ലെന്ന് ജോസഫ് പറഞ്ഞു. ജോര്‍ജിനെതിരായ നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. എട്ട് എംഎല്‍എമാര്‍ ചേര്‍ന്നാണു ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്നു താനും കെഎം മാണിയും ചേര്‍ന്നു തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു. പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും ജോസഫ് വ്യക്തമാക്കി.

ജോര്‍ജിനെ ചീഫ് വിപ് സ്ഥാനത്തുനിന്നു മാറ്റാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഈ വിഷയത്തില്‍ താന്‍ മൗനം പാലിച്ചിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍കൂടിയായ കെ.എം. മാണിയും താനും ചേര്‍ന്നാണു ജോര്‍ജിനെ മാറ്റണമെന്നു മുഖ്യമന്ത്രിയെ അറിയിച്ചത്. ജോര്‍ജിനെതിരെ ഉടന്‍തന്നെ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും പി.ജെ. ജോസഫ് പറഞ്ഞു.

ജോര്‍ജ് വിഷയത്തില്‍ ഗള്‍ഫില്‍നിന്നു വന്നാലുടന്‍ തീരുമാനമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തീരുമാനം വേഗത്തിലുണ്ടാകും. ഉപാധികളോ വിശദമായ വിവരങ്ങളോ ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.