ജോസഫിനെ മെരുക്കാൻ തുറുപ്പു ചീട്ടെറിഞ്ഞ് ഉമ്മൻചാണ്ടി; ആപ്പിലായത് ചെന്നിത്തലയും മുല്ലപ്പള്ളിയും

തിരുവനന്തപുരം: ചെന്നിത്തലയും മുല്ലപ്പള്ളിയും മുട്ടുമടക്കിയിടത്ത് വിജയിച്ചു കയറാൻ ഉമ്മൻചാണ്ടി. കേരളാ കോൺഗ്രസ് തർക്കത്തിനു ഒത്തു തീർപ്പ് ഫോർമുലയുമായെത്തിയ ഉമ്മൻചാണ്ടി നടത്തുന്നത് നിർണായക രാഷ്ട്രീയ നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചു നിന്ന ഉമ്മൻചാണ്ടി വീണ്ടും സജീവമാകുന്നതിന്‍റെ തുടക്കമായിരുന്നു ഇന്നു രാവിലെ പി.ജെ. ജോസഫുമായി നടത്തിയ കൂടിക്കാഴ്ച്ച. ആഴ്ച്ചകളായി ജോസഫ് വിഷയം കേരളാ കോൺഗ്രസിനും ഒപ്പം യുഡിഎഫിനും തലവേദനയായിരിക്കുകയായിരുന്നു.

മാണിയുടെ കൈവിട്ടു പോയ ജോസഫിനെ അനുനയിപ്പിക്കാൻ ചെന്നിത്തലയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയുമൊക്കെ പലമടങ്ങ് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് ഇന്നലെ വിഷയത്തിൽ ഇടപെടുമെന്ന ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനമെത്തുന്നത്. വൈകാതെ തന്നെ ഇന്നു പുലർച്ചെ ഉമ്മൻചാണ്ടി പി.ജെ. ജോസഫുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പുറത്തെത്തിയ ജോസഫ് പ്രതികരിക്കാൻ തയാറായില്ലെങ്കിലും അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞതിനു സൂചന നൽകിയാണ് ചെന്നിത്തലയെ കാണാനായി പോയത്.

ജോസഫിനെ മെരുക്കാൻ ഉമ്മൻചാണ്ടി ഇറക്കിയ തുറുപ്പു ചീട്ട് ഏറ്റാൽ ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും നില പരുങ്ങലിലാകും. നിർണായക തെരഞ്ഞെടുപ്പിൽ അനാവശ്യ വിവാദം ആളിക്കത്തിയിട്ടും അത് പരിഹരിക്കാനാകാത്തതിൽ കേന്ദ്ര നേതൃത്വത്തിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിനിടെയാണ് അനാവശ്യ വിവാദങ്ങളും ഉടലെടുക്കുന്നത്.

മോൻസ് ജോസഫ് അടക്കം കേരളാ കോൺഗ്രസ് നേതാക്കളുമായാണ് പിജെ ജോസഫ് ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ജോസഫ് കാണുന്നുണ്ട്,.

നിര്‍ണ്ണായക ചര്‍ച്ചകൾ തലസ്ഥാനത്ത് നടക്കുമ്പോഴും ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിന് കെഎം മാണി തയ്യാറായിട്ടില്ല. തോമസ് ചാഴിക്കാടൻ കോട്ടയത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിയടക്കമുള്ള നേതാക്കൾ ആവര്‍ത്തിക്കുന്നുമുണ്ട്.