ടിപി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പികെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തേടുകയായിരുന്നു. ടിപി കേസിലെ 13ാം പ്രതിയാണ് കുഞ്ഞനന്തന്‍. 2014 ജനുവരി 24നാണ് ഗൂഢാലോചന കേസില്‍ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.

Loading...

ഇതിനിടെ നിരവധി തവണ ചികിത്സയ്ക്കും മറ്റുമായി കുഞ്ഞനന്തന്‍ പരോളില്‍ പോയിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ജയിലിലെ ചികിത്സ കൊണ്ട് ഫലപ്രദമായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ വീണ്ടും ഹരജി നല്‍കുന്നത്.

കോടതി നല്‍കുന്ന എല്ലാ ഉപാധികളും അനുസരിച്ച് പുറത്ത് ചികിത്സ നടത്തേണ്ടതുണ്ടെന്നും അതിനായി ജാമ്യം അനുവദിക്കണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു കുഞ്ഞനന്തന്‍ ഹരജിയില്‍ ആവശ്യപ്പെട്ടത് ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിനോട് കുഞ്ഞനന്തന്റെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.