പ്ലാസ്റ്റിക് നിരോധനം പേപ്പറിൽ മാത്രം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കേരളത്തിൽ എങ്ങും സുലഭം. കാഴ്ചയിൽ തുണിസഞ്ചിപോലെ തോന്നിപ്പിക്കുന്ന നോൺ വൂവൺ പോളിപ്രൊപൈലീൻ ബാഗുകളാണ് ചെറുകിട കച്ചവടക്കാർ പോലും ഇന്നും ഉപയോഗിക്കുന്നത്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പിന്റെ അനുമതി ഉള്ളത് തുണി സഞ്ചികളും അതുപോലെ തന്നെ പേപ്പർ ക്യാരി ബാഗുകളും ആണ്. എന്നാൽ ഈ നിയമം പാലിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം. പല സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും സാധനങ്ങൾ നൽകുന്നത് നിരോധനമുള്ള കംപോസ്റ്റബിൾ പ്ലാസ്റ്റിക് കാരിബാഗുകളിലാണ്.
2020 ജനുവരിയിൽ ആണ് സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് നിയമം നിലവിൽ വന്നത്. കാരിബാഗ്, മേശവിരിപ്പ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ… തെർമോക്കോൾ, സ്റ്റൈറോഫോം എന്നിവകൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കൾ.. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, കാരിബാഗ്… പ്ലാസ്റ്റിക് തോരണങ്ങൾ, കൊടി, നോൺ വൂവൺ ബാഗുകൾ,…പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് , 300 മില്ലിക്ക് താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി. ഫ്ളെക്‌സ്, പ്ലാസ്റ്റിക് പാക്കറ്റ് എന്നിവയ്ക്ക് ആയിരുന്നു കർശനമായ നിരോധനം ഏർപ്പെടുത്തിയത്. നിരോധനം മാത്രമല്ല നിരോധന നിയമം ലംഖിച്ചാൽ പിഴയും ഈടാക്കും എന്നായിരുന്നു പ്രഖ്യാപനം . ആദ്യ നിയമലംഘനങ്ങൾക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. പ്ലാസ്റ്റിസിന് പകരമായി തുണിസഞ്ചി, പാള ഉപയോഗിച്ചുള്ള പാത്രങ്ങളും സ്പൂണും, വാഴയില, പേപ്പർ സ്‌ട്രോകൾ, സ്റ്റീൽ പാത്രങ്ങൾ, ചില്ലുപാത്രങ്ങൾ, മൺപാത്രങ്ങൾ, തുണിയിൽ നിർമിച്ച കൊടിതോരണങ്ങൾ, മുളകൊണ്ടുള്ള ഉത്പന്നങ്ങൾ, കാർഡ്‌ബോർഡ് എന്നിവ ഉപയോഗിക്കണം എന്ന നിർദേശവും നിയമത്തിൽ ഉണ്ടായിരുന്നു.
നിർമാണവിവരങ്ങളടങ്ങിയ ക്യു.ആർ. കോഡ് പതിപ്പിച്ച കംപോസ്റ്റബിൾ പ്ലാസ്റ്റിക് ബാഗുകൾ കേന്ദ്ര മലിനീകരണനിയന്ത്രണബോർഡിന്റെ അംഗീകാരമുള്ളവയാണ്. എന്നാൽ , വിപണിയിൽനിന്ന് ലഭിച്ച കംപോസ്റ്റബിൾ പ്ലാസ്റ്റിക് കാരിബാഗുകളിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്യുമ്പോൾ ലഭിക്കുന്നത് കാറുകളുടെ പരസ്യംവരെ ആണ്. ക്യാരി ബാഗുകളുടെ നിർമാണം, വിൽപ്പന, സ്റ്റോക്കിങ്, വിപണനം എന്നീ ഘട്ടങ്ങളിലെല്ലാം ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഉത്പന്നത്തിൽ നിർമാണക്കമ്പനിയുടെ പേര്, വിപണന ഏജൻസി, അസംസ്‌കൃത വസ്തുക്കൾ, നിർമാണത്തീയതി, ബാച്ച് നമ്പർ, ലൈസൻസ് നമ്പർ കാലാവധി എന്നീ വിവരങ്ങൾ ക്യൂആർ കോഡിൽ രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒപ്പം സമ്പൂർണ കംപോസ്റ്റബിൾ ഉത്പന്നമാണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും രേഖപ്പെടുത്തണം. എന്നാൽ, ഇപ്പോൾ കിട്ടുന്ന സഞ്ചികളിൽ ഭൂരിഭാഗത്തിലും ഇത്തരം വിവരങ്ങളൊന്നുമില്ല. ബയോഡീഗ്രേഡബിൾ, കംപോസ്റ്റബിൾ എന്ന ലേബലുകളിൽ വ്യാജൻമാർ സജീവമാണെന്ന് ഇത് വ്യക്തമാക്കുന്നു.
തദ്ദേശസ്ഥാപനങ്ങളും മലിനീകരണനിയന്ത്രണബോർഡും ചേർന്നുള്ള സ്‌ക്വാഡുകളാണ് കടകളിൽ പരിശോധന നടത്തേണ്ടത്. എന്നാൽ, പലയിടത്തും ഇത് കാര്യക്ഷമമായി നടക്കുന്നില്ല. അധിക ജോലിഭാരവും ജീവനക്കാരുടെ കുറവുമാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്. എന്ത് തന്നെ ആയാലും നിരോധന നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സജീവമാകുമ്പോൽ നിരോധന നിയമങ്ങൾ വെറും പാഴ്വാക്കായി മാറുന്നു.