തൃശൂര്‍ : അശാസ്ത്രീയമായി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിനെത്തുടര്‍ന്നു രണ്ട് അലോട്ട്മെന്റ് പട്ടികയ്ക്കു ശേഷവും ഒഴിഞ്ഞുകിടക്കുന്നത് 67,890 പ്ലസ്വണ് സീറ്റുകള്‍. 3.61 ലക്ഷം സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി 20 ശതമാനം വര്‍ധന വരുത്തി. കഴിഞ്ഞ വര്‍ഷം 30,000 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. സപ്ലിമെന്ററി ലിസ്റ്റിന്റെ ഫലം പുറത്തുവന്നാല്‍ കണക്കുകള്‍ വ്യക്തമാകും. വി.എച്ച്.എസ്.ഇ., ഐ.ടി.ഐ., പോളിടെക്നിക്കുകളിലായി 90,000 സീറ്റുണ്ട്. എന്നാല്‍, 5.19 ലക്ഷംപേര്‍ അപേക്ഷകരുമുണ്ട്.
മലപ്പുറം ജില്ലയിലാണു കൂടുതല്‍ സീറ്റൊഴിവ്. 9954 സീറ്റുകള്‍. 6017 സീറ്റ് ഒഴിവുള്ള തൃശൂര്‍ ജില്ലയാണു രണ്ടാമത്. ചില പ്രദേശങ്ങളില്‍ ഏതെങ്കിലും സീറ്റു തേടി അലയുന്ന വിദ്യാര്‍ഥികളും ആശങ്കയിലാണ്. കൂടുതല്‍ സീറ്റുകള്‍ വേണ്ട മേഖലയേതെന്നു പരിശോധിക്കാത്തതാണു വിനയായത്. അധിക ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാര്‍ സ്കൂളുകളിലേക്കു കുട്ടികള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അധിക ബാച്ചുകളില്‍ ഗസ്റ്റ് അധ്യാപകരാണു പഠിപ്പിക്കുന്നത്. ഇവര്‍ ഇടയ്ക്കു ജോലി അവസാനിപ്പിക്കുന്നതിനാല്‍ പഠനത്തെ ബാധിക്കും. സ്വകാര്യ മാനേജ്മെന്റുകള്‍ മുന്‍കൂട്ടി നിയമനം നടത്തിയിട്ടുമുണ്ട്.
കൂടുതല്‍ ബാച്ചുകള്‍ ആവശ്യപ്പെട്ട് 283 എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളാണു നിയമവഴിയിലുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ സീറ്റൊഴിവുള്ളതിനാല് ഇടയ്ക്കിടയ്ക്കു കുട്ടികള്‍ പ്രവേശനം നേടുന്നത് ക്ലാസുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. പ്ലസ് വണ്‍ പ്രവേശന മാനദണ്ഡമനുസരിച്ച് സര്‍ക്കാര്‍ സിലബസില്‍ പരീക്ഷയെഴുതിയവര്ക്കാണു മുന്‍ഗണനയെങ്കിലും അതും ലംഘിച്ചു. ഇതര സിലബസുകളില്‍ പഠിക്കുന്നവര്‍ ബോര്‍ഡ് പരീക്ഷയെഴുതിയെന്ന സത്യവാങ്മൂലം ഹാജരാക്കിയാല്‍ അവര്‍ക്കും ഹയര്‍സെക്കന്‍ഡറി അലോട്ട്മെന്റില്‍ പങ്കുചേരാം.
പല രക്ഷിതാക്കളും വ്യാജ സത്യവാങ്മൂലം നല്‍കിയിട്ടും കണ്ടെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. മുദ്രപത്രത്തില്‍ രക്ഷിതാവ് കുട്ടികള്‍ക്കു വേണ്ടി ഒപ്പിട്ടുനല്‍കിയാല്‍ സാധുതയായി. ഇത് ദുരുപയോഗപ്പെടുത്തിയവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ സിലബസില്‍ പഠിച്ചവര്‍ക്ക് ഇത് ഇരുട്ടടിയായി. സംസ്ഥാനത്ത് 2067 സ്കൂളുകളിലായി മൊത്തം 7210 പ്ലസ്വണ് ബാച്ചുകളുണ്ട്. ഒരു ബാച്ച് അനുവദിച്ചാല്‍ ലഭിക്കുന്ന അഞ്ചുമുതല്‍ ആറുവരെയുള്ള അധ്യാപക തസ്തികകളുടെ എണ്ണത്തില്‍ കണ്ണുനട്ടാണ് സ്വകാര്യ മാനേജുമെന്റുകളുടെ കടിപിടി. (സീറ്റുകളുടെ ഒഴിവ്: തിരുവനന്തപുരം: 5389, കൊല്ലം: 5061, പത്തനംതിട്ട: 2592, ആലപ്പുഴ: 4134, കോട്ടയം: 3769, ഇടുക്കി: 2558, എറണാകുളം: 5537, തൃശൂര്‍: 6017, പാലക്കാട്: 5455, മലപ്പുറം:9954, കോഴിക്കോട്: 6537, വയനാട്: 1978, കണ്ണൂര്‍: 5790, കാസര്‍ഗോഡ്: 3119)