ലോക്ക്ഡൗണ്‍ പ്രഖ്യാപനം;പ്രധാനമന്ത്രി രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് ലോക്ക്ഡൗണ്‍ അവസാനിക്കുമെന്നിരിക്കെ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഇതുവരെ ഔദ്യോഗികമായി നടന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

മാര്‍ച്ച് 24 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ശനിയാഴ്ച ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് ഇളവുകളോട് കൂടി രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. ഏതൊക്കെ മേഖലകളിലായിരിക്കും ഇളവുകള്‍ എന്നത് ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിക്കും. കാര്‍ഷിക വ്യവസായ മേഖലയ്ക്ക് നിയന്ത്രണങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

Loading...

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ ആഭ്യന്തരമന്ത്രാലയമിറക്കിയ മാർഗരേഖയിലും മാറ്റം വരുത്തും. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നായി തിരിച്ചായിരിക്കും ഇളവുകൾ അനുവദിക്കുക. അടച്ചിടലിന് ഇളവുനൽകിയാലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കും. രാജ്യത്തെ പകുതിയോളം ജില്ലകളിൽ കോവിഡ് ബാധയുണ്ട്. കോവിഡ് ഇല്ലാത്ത ജില്ലകളിൽ നിയന്ത്രിതമായ തോതിൽ യാത്രകളും മറ്റു പ്രവർത്തനങ്ങളും അനുവദിച്ചേക്കും. അതേസമയം, പൊതുഗതാഗതമോ അന്തർ സംസ്ഥാന യാത്രകളോ ഉടൻ പുനഃരാരംഭിക്കില്ല.

ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, പശ്ചിമബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾ ഇതിനകംതന്നെ അടച്ചിടൽ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടൽ തുടരുമെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ വേണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.