കോവിഡ് കേസുകൾ 80 ശതമാനവും കേരളമടക്കം 6 സംസ്ഥാനങ്ങളില്‍ ; മൂന്നാംതരംഗം ഒഴിവാക്കാന്‍ നടപടി വേണം- മോദി

ന്യൂഡല്‍ഹി | കേരളത്തിലെയും മഹാരാഷ്ട്രയിലെയും മറ്റും കൊവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവിടങ്ങളില്‍ നിലവിലെ കൊവിഡ് സ്ഥിതി തന്നെ നിയന്ത്രിക്കാനാകാത്ത അവസ്ഥയില്‍ മൂന്നാം തരംഗത്തിന് കടുപ്പമേറും. വൈറസിന് കൂടുതല്‍ ജനിതക മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പ്രധാന മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

രാജ്യത്തെ 80 ശതമാനം രോഗികളുമുള്ളത് ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണാധീനമായിട്ടില്ല. കൂടുതല്‍ നിയന്ത്രണം വേണം. വൈറസിന്റെ ജനിതകമാറ്റമടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. വാക്‌സിനേഷന്റെയും, രോഗ നിര്‍ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ആഘോഷങ്ങള്‍ മാറ്റിവക്കണമെന്നും പ്രധാന മന്ത്രി നിര്‍ദേശിച്ചു.

Loading...