ഗുജറാത്തിലെ ചരിത്രവിജയം ; പ്രധാനമന്ത്രിയുടെ സ്വർണ ശിൽപം പണിത് വ്യാപാരി

അഹമ്മദാബാദ്: ബിജെപി ഗുജറാത്തിൽ സ്വന്തമാക്കിയ ചരിത്രവിജയം ആഘോഷിക്കാനായി 156 ഗ്രാം സ്വർണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അർധകായശില്പം നിർമിച്ച് വ്യാപാരി. സൂറത്തിലെ ആഭരണനിർമാണസ്ഥാപനമായ രാധികാ ചെയിൻസിന്റെ ഉടമ ബസന്ത് ബോറയാണ് സ്വന്തം ഫാക്ടറിയിൽ ഇത് തയ്യാറാക്കിയത്.

ഇതിനായി 11 ലക്ഷം രൂപയോളം അദ്ദേഹത്തിന് ചെലവായി. . 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ച് 20 തൊഴിലാളികൾ മൂന്നുമാസം പണിയെടുത്താണ് സ്വർണശില്പം തീർത്തത്. തിരഞ്ഞെടുപ്പുഫലം വന്നതോടെ സീറ്റിന്റെ എണ്ണത്തിന് ആനുപാതികമാക്കാൻ തൂക്കംകുറച്ചു.

Loading...

മോദിശില്പത്തിന് വൻപ്രചാരമായതോടെ വിലചോദിച്ചും വാങ്ങാൻ താത്പര്യംപ്രകടിപ്പിച്ചും ആളുകളെത്തുന്നുണ്ട്. എന്നാൽ, മോദിയോടുള്ള ആരാധനകാരണമാണ് ശില്പമുണ്ടാക്കിയതെന്നും തത്‌കാലം വിൽക്കാൻ ഉദ്ദേശ്യമില്ലെന്നും ബോറ പ്രതികരിച്ചു. ഗുജറാത്തിൽ ബിജെപി സർക്കാർ ഇത്തവണ ചരിത്ര വിജയമാണ് നേടിയെടുത്തത്. 1995ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി ആദ്യമായി അധികാരം പിടിച്ചതിന് ശേഷം ഗുജറാത്ത് പിന്നീട് ബിജെപിയുടെ ഉരുക്കുകോട്ടയാണ്.

കേശുഭായ് പട്ടേലില്‍ നിന്ന് അധികാരം നരേന്ദ്ര മോദിയിലേക്കെത്തിയതോടെ പ്രതിപക്ഷത്തിന് ഒരു കടന്നുകയറ്റത്തിനും സാധിക്കാത്ത കോട്ടയായി തന്നെ ഗുജറാത്ത് തുടര്‍ന്നു. ഈ തിരഞ്ഞെടുപ്പിൽ 182 അംഗ നിയമസഭയില്‍ 158 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസാകട്ടെ സംസ്ഥാനത്ത് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിനും സാക്ഷ്യം വഹിച്ചിരിക്കുന്നു.