തന്റെ മുഖത്തിന്റെ തിളക്കത്തിന് കാരണം വിയര്‍പ്പ്;രഹസ്യം വെളിപ്പെടുത്തി മോദി

ഡല്‍ഹി : മോദിയുടെ മണ്ടന്‍ പ്രസ്താവനകള്‍ പലപ്പോഴും ട്രോള്‍ മഴകള്‍ക്ക് കാരണമാകാറുണ്ട്. തുടര്‍ച്ചയായ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സ്വയം പരിഹാസ്യനാവുകയാണ് നമ്മുടെ പ്രധാനമന്ത്രി. ഇപ്പോള്‍ തന്റെ മുഖത്തിന്റെ തിളക്കത്തിന്റെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് മോദി. താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്രയും തിളക്കം ലഭിച്ചതെന്ന് വര്‍ഷങ്ങളായി പലരും തന്നോട് ചോദിക്കാറുണ്ടെന്നും അതിന്റെ ഉത്തരരം വളരെ ലളിതമാണെന്നുമാണ് മോദി പറഞ്ഞത്.ഞാന്‍ കഠിനമായി ജോലി ചെയ്യും. നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്‍ എന്റെ മുഖത്തിന് മസ്സാജിന്റെ ഫലമാണ് നല്‍കുന്നത്. അതെന്റെ മുഖത്തിന് തേജസ്സ് നല്‍കുന്നു – അദ്ദേഹം കുട്ടികളോട് പറഞ്ഞു.

ദിവസത്തില്‍ നാലു തവണയെങ്കിലും കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസ്സിലാക്കിവയ്ക്കണം. കഠിനമായി അധ്വാനിക്കുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യണം. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.നമുക്ക് സ്വീകരിക്കാന്‍ രണ്ടു വഴികളാണുള്ളത്. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിക്കുന്ന ചിലര്‍ പിന്നീട് അഹങ്കാരികളായിത്തീരുകയും അധ്വാനിക്കുന്നതില്‍നിന്ന് വിമുഖരാവുകയും ചെയ്യും. മറ്റുചിലരാകട്ടെ, കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള പ്രോത്സാഹനമായി ആ അംഗീകാരങ്ങളെ കാണും. പുരസ്‌കാരങ്ങള്‍ ഒന്നിന്റെയും അവസാനമല്ല, അവ ജീവിതത്തിന്റെ തുടക്കമാണ് – മോദി കുട്ടികളോട് വിശദമാക്കി.

Loading...

ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തശേഷം പുരസ്‌കാര ജേതാക്കളായ കുട്ടികളോട് സംവദിക്കുമ്പോഴാണ് മോദി തന്റെ സൗന്ദര്യരഹസ്യവും ജീവിതവിജയത്തിനുള്ള പാഠങ്ങളും പങ്കുവെച്ചത്.ധീരതാ അവാര്‍ഡുകള്‍ കൂടാതെ കല, സംസ്‌കാരം, കണ്ടുപിടിത്തങ്ങള്‍, പഠനം, സാമൂഹ്യസേവനം, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 49 കുട്ടികളുമായാണ് പ്രധാനമന്ത്രി സംവദിച്ചത്.

ബാലാക്കോട്ട് മിന്നലാക്രമണ സമയത്തെ മോദിയുടെ പ്രസ്താവന കുറച്ചൊന്നുമല്ല സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത്. മേഘങ്ങള്‍ ഉള്ളതിനാല്‍ വ്യോമസേന വിമാനങ്ങള്‍ പാക്കിസ്ഥാന്റെ റഡാറിന് കാണാന്‍ കഴിയില്ലെന്നും തന്റെ ഉപദേശത്തെത്തുടര്‍ന്നാണ് കനത്ത മഴയത്ത് ബലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയതെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഇത് വരെ വെളിപ്പെടുത്താത്ത രഹസ്യമാണെന്ന ആമൂഖത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബലാക്കോട്ട് മിന്നാക്രമണത്തിന് പിന്നിലെ അദ്ദേഹത്തിന്റെ ഇടപെടലിനെ കുറിച്ച് ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മിന്നലാക്രണം നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസം കനത്ത മഴയായിരുന്നു. അതോടെ മേഘങ്ങള്‍ക്കിടയിലൂടെ യുദ്ധവിമാനങ്ങള്‍ക്ക് പോകാന്‍ കഴിയുമോയന്ന ആശങ്ക വിദഗ്ദര്‍ക്കുണ്ടായി.

മിന്നാലാക്രമണം മാറ്റി വെക്കുന്ന കാര്യവും ചര്‍ച്ചക്ക് വന്നു. മേഘങ്ങളുണ്ടെങ്കില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നും ഉടന്‍ ആക്രമണത്തിന് പുറപ്പെടാനും ഞാന്‍ അവരോട് പറഞ്ഞു. മേഘങ്ങളുടെ കാര്യം എന്ത് കൊണ്ട് ശാസ്ത്രബോധമുള്ളവര്‍ ചിന്തിച്ചില്ലെന്ന് അത്ഭുതപ്പെട്ടുവെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്നതോടെ വലിയ പരിഹാസത്തിന് അത് വഴിവെച്ചു. മേഘങ്ങളെ മറികടന്ന് വസ്തുക്കളെ കാണാനുള്ള കഴിവ് റഡാനിനുണ്ടെന്നുള്ള അറിവ് നരേന്ദ്രമോദിക്കില്ലെന്ന വിമര്‍ശമാണ് ഭൂരിഭാഗം ആളുകളും ഉന്നയിച്ചത്. മോദിയുടെ ഇത്തരത്തിലുള്ള മണ്ടന്‍ പരാമര്‍ശങ്ങള്‍ കൊണ്ട് രാജ്യത്തെ കുറ്റപ്പെടുത്തിയെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തിയിരുന്നു.

മാത്രമല്ല 1987-88 കാലത്ത് ഇമെയില്‍ സന്ദേശം അയച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും പരിഹാസത്തിന് ഇടയാക്കിയിരുന്നു.കൂടാതെ താന്‍ ചെറുപ്പത്തില്‍ മുതലക്കുഞ്ഞുങ്ങളുടെ ഒപ്പം കളിക്കാറുണ്ടെന്ന പരാമര്‍ശം അതിഭീകര കോമഡിയാണെന്നായിരുന്നു ട്രോളുകാരുടെ പക്ഷം.