പ്രധാനമന്ത്രിയുടെ ‘പരീക്ഷ പേ ചര്‍ച്ച’ ;വിദ്യാര്‍ത്ഥികള്‍ സമയം കളയരുതെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടിയാണ് ‘പരീക്ഷ പേ ‘. വിദ്യാര്‍ഥികളെ പ്രധാനമന്ത്രി വെറുതെ വിടണമെന്നാണ് തനിക്ക് പറയാനുള്ളത്. പൊതുപരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണിത്. അവരുടെ സമയം കളയരുത്. പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് ‘പരീക്ഷ പേ ചര്‍ച്ച’യില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് വിമര്‍ശവുമായി സിബല്‍ രംഗത്തെത്തിയത്.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശവും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ ഉന്നയിച്ചു. വ്യക്തികള്‍ നേടുന്ന ബിരുദങ്ങള്‍ പരസ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ആവശ്യമാണ്. എല്ലാവര്‍ക്കും അതേപ്പറ്റി അറിയാന്‍ കഴിയണം. ‘മന്‍ കി ബാത്ത്’ പരിപാടിയിലൂടെ അതും പറയമെന്നും സിബല്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിമര്‍ശങ്ങള്‍ നേരിട്ടിട്ടുള്ള പശ്ചാത്തലത്തിലാണ് വിമര്‍ശം.

Loading...

അതേസമയം പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ചന്ദ്രയാന്‍ 2 ദൗത്യത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘പരീക്ഷാ പേ ചര്‍ച്ച 2020’ എന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു മോദി. പരീക്ഷയല്ല ജീവിതമെന്നും പരീക്ഷയിലെ മാര്‍ക്കിനുപരി ജീവിതത്തില്‍ പലതുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍ 2 വിക്ഷേപണ സമയത്ത് ദൗത്യം വിജയിക്കുമെന്ന് ഉറപ്പില്ലെന്നും അതിനാല്‍ ഐഎസ്ആര്‍ഒയില്‍ സന്ദര്‍ശനം നടത്തേണ്ടെന്നും പലരും ഉപദേശിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രചോദനമേകുന്നതിന് വേണ്ടി അവിടെ ഉണ്ടായിരിക്കണമെന്ന് എനിക്കുതോന്നി. താത്കാലികമായ തിരിച്ചടിയുടെ അര്‍ഥം ഇതിലും മികച്ചത് എന്തോ സംഭവിക്കാനുണ്ടെന്നാണ്. ചന്ദ്രയാന്‍ 2 ദൗത്യസമയത്തെ തന്റെ ഐഎസ്ആര്‍ഒ സന്ദര്‍ശനം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തെ വിജയിപ്പിക്കണമെന്നും വിദ്യാര്‍ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

2022 ആകുന്നതോടെ ഇന്ത്യന്‍ നിര്‍മിതമായ ഉല്പന്നങ്ങള്‍ മാത്രം വാങ്ങുമെന്ന് തീരുമാനിക്കാനാകുമോ? നമുക്ക് മേക്ക് ഇന്‍ ഇന്ത്യ എന്ന സംരംഭത്തെ പ്രോത്സാഹിപ്പിക്കാം. അത് നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും. നമ്മുടെ രാജ്യത്തെ കരുത്തുറ്റതാക്കും, അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പൗരന്മാര്‍ക്ക് ചെയ്യാനാകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അനാവശ്യമായി വെള്ളം പാഴാക്കരുത്. ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കരുത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ല്‍ ഇന്ത്യയുടെ വികസത്തിന്റെ ചുക്കാന്‍പിടിക്കുന്ന തലമുറയോടാണ് താന്‍ ഇന്ന് സംവദിക്കുന്നത്. ഇന്നത്തെ തലമുറ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനപരമായ കര്‍ത്തവ്യങ്ങള്‍ സ്വാംശീകരിക്കണം.

ജീവിതത്തില്‍ നിന്ന് ഗാഡ്‌ജെറ്റുകള്‍ ഒഴിവാക്കിക്കൊണ്ട് അല്പസമയം കണ്ടെത്താന്‍ സാധിക്കണമെന്നും മോദി വിദ്യാര്‍ഥികളോട് പറഞ്ഞു. ഇന്ന് കുടുംബത്തിലെ നാലുപേര്‍ ഒന്നിച്ചിരിക്കുമ്പോഴും എല്ലാവരും മൊബൈല്‍ ഫോണില്‍ തന്നെയാണ്. ടെക്‌നോളജി ഇല്ലാത്ത കുറച്ചുസമയത്തെക്കുറിച്ച് ചിന്തിക്കാനാകില്ല, ടെക്‌നോളജി അനുവദിക്കാത്ത ഇടത്തെ രേഖപ്പെടുത്താനുമാകില്ല. പരീക്ഷയല്ല ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങളുണ്ട്. അതുകൊണ്ട് പരീക്ഷയെ കരുതി അമിത സമ്മര്‍ദത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയെ പ്രതി വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയെ പ്രതി വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.കാരണം, ഇന്ന് യുവത്വത്തിന് മുന്നില്‍ നിരവധി അവസരങ്ങളുണ്ട്. മാര്‍ക്കല്ല ജീവിതത്തിന്റെ എല്ലാം. അതിലുപരി പലതുമുണ്ട്. മാതാപിതാക്കളാണ് കുട്ടികളെ പ്രചോദിതരാക്കേണ്ടത്. എന്നാല്‍ മാര്‍ക്കാണ് എല്ലാമെന്ന് അവര്‍ കുട്ടികളോട് പറഞ്ഞുകൊടുത്ത് അവരെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും മോദി പറഞ്ഞു.