പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10 മണിയോടെയാണ് അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവെപ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ട് രാജ്യം ചരിത്രനേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നതെങ്കിലും ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

100 കോടി ഡോസ് കൊവിഡ് വാക്സീന്‍ വിതരണത്തിലൂടെ ഇന്ത്യക്കു ചരിത്രം രചിക്കാനായത് കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. വാക്സീന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സീന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു. ‘നൂറുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ മഹാമാരിക്കെതിരേ ശക്തമായ സുരക്ഷാകവചമാണ് 100 കോടി പ്രതിരോധവാക്സിൻ നൽകിയതിലൂടെ രാജ്യം തീർത്തിരിക്കുന്നത്. വാക്സിൻ നിർമാണക്കമ്പനികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ എത്തിച്ചവരുടെയും സേവനം മറക്കാനാവില്ല. രാജ്യത്തെ ശാസ്ത്ര, സംരംഭക രംഗങ്ങളുടെയും 130 കോടി ജനങ്ങളുടെയും മഹാവിജയമാണിത്’ പ്രധാനമന്ത്രി പറഞ്ഞു.

Loading...