നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഉത്തർപ്രദേശിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ജെവാർ വിമാനത്താവളം എന്ന് അറിയപ്പെടുന്ന നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം 2024ഓടെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. 35,000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളത്തിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യവർഷം 10,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിലെ അന്താരാഷ്‌ട്ര വിമാനത്താവളുടെ എണ്ണം അഞ്ചായി ഉയരും.

സംസ്ഥാനത്തിന്റെ സാമ്പത്തികവ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനമാകും ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. അലിഗഡ്, ഹാപൂർ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാകും തൊഴിലവസരങ്ങൾ ലഭിക്കുക. വിമാനത്താവളത്തിനുള്ളിലെ ജോലിക്ക് പുറമെ മറ്റ് പല മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആദ്യഘട്ടത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാർ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040-50 ആകുന്നതോടെ ഇത് 7 കോടിയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 1,334 ഹെക്ടർ സ്ഥലത്തായാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 4,326 കോടി രൂപയാണ് യുപി സർക്കാർ ചെലവഴിക്കുന്നത്.

Loading...