ദില്ലി: കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിക്ക് ആരോഗ്യം വീണ്ടെടുക്കാൻ ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് 19ൽ നിന്ന് സോണിയ ജി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സോണിയ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയാണ് ചെയ്തത്. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
2012ൽ മുൻ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ പത്ത് വർഷങ്ങൾക്കിപ്പുറമാണ് തുടർ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാൽ ഈ മാസം അഞ്ചിന് ശേഷമേ ഹാജരാകാൻ കഴിയൂവെന്ന് രാഹുൽഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനൽ വകുപ്പുകളുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.