ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പൊൻതിളക്കം, നീരജ് ചോപ്രയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യുഡല്‍ഹി : ഇന്ത്യയുടെ അഭിമാനം ലോകനെറുകെയില്‍ എത്തിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടിയ നീരജ് ചോപ്ര ഇന്ത്യൻ പതാകയെ പാക് പതാകയ്ക്ക് ഒരു പടി മുകളിൽ എത്തിച്ചു. എക്‌സില്‍(ട്വിറ്റര്‍) പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.

‘പ്രതിഭയായ നീരജ് ചോപ്ര മികവിന്റെ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും കണിശതയും അഭിനിവേശവും ഒരു ചാമ്പ്യന്‍ എന്നതിലുപരി അദ്ദേഹത്തെ കായിക ലോകത്തെ സമാനതകളില്ലാത്ത മികവിന്റെ ഉദാഹരണമാക്കുന്നു’. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Loading...

ടോക്കിയോ ഒളിമ്പിക്‌സിന് പിന്നാലെയാണ് താരം രാജ്യത്തിനായി സ്വര്‍ണം നേടുന്നത്. മെഡല്‍ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് സ്വന്തം പേരില്‍ എഴുതിച്ചേർത്തു.

ഫൈനലിലെ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ ജന 5–ാം സ്ഥാനത്തും (84.77 മീറ്റർ) ഡി.പി.മനു (84.14 മീറ്റർ) 6–ാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി (87.82 മീറ്റർ). ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് വെങ്കലം നേടി (86.67 മീറ്റർ). കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ നേട്ടം മെച്ചപ്പെടുത്തിയാണ് നീരജിന്റെ സുവർണ പ്രകടനം.