മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയത്. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. നാളെ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ മോദിയെ വരവേറ്റു. ജനങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ വേറിട്ട് നില്‍ക്കുന്നുവെന്നും അവരാണ് നമ്മുടെ ശക്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Loading...

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്സുമായും പ്രത്യേക ചര്‍ച്ചയും നടത്തും. ഇരു രാജ്യങ്ങള്‍ക്കും താല്പര്യമുള്ള പ്രദേശിക-ആഗോള വിഷയങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാവും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ രൂപവത്കരണം, മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയും ഇരു രാഷ്ട്രതലവന്മാരും ചര്‍ച്ചചെയ്യും.

ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗമാണ് നാളെ ചേരുന്നത്. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായി മോദി ചര്‍ച്ച നടത്തും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.