തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള കേരള സന്ദര്‍ശനത്തിൽ എഡിജിപി ഇൻ്റലിജൻസ് തയാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നതിൽ കേരള പോലീസിന് ഗുരുതര വീഴ്ച. പോലീസ് സുരക്ഷയുടെ സമഗ്രവിവരങ്ങളടങ്ങിയ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളടക്കം പുറത്തുവന്നിരുന്നു.
വിവരങ്ങൾ ചോർന്നതിൽ ഇന്‍റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച വിശദീകരണം തേടിയിട്ടുണ്ട്. വിവിഐപി സന്ദർശനത്തിന്റെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സാധാരണയായി നടത്താറുള്ളത്. എസ്പിജി, എൻഎസ്ജി, ഐബി, സംസ്ഥാന ഇന്റലിജൻസ്, ലോക്കൽ പോലീസ് തുടങ്ങീ വിവിധ ഏജൻസികൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും.
പ്രധാനമന്ത്രിയുടെ യാത്രാ ക്രമീകരണം, താമസം, പ്രോഗ്രാമിൽ ആരൊക്കെ പങ്കെടുക്കണം, അവിടെ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യണം, ഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങൾ, ആരൊക്കെ അവിടെ ഉണ്ടാകണം തുടങ്ങീ വലിയൊരു സ്‌കീം ആണ് സന്ദർശനത്തിന് മുൻപ് തയ്യാറാക്കുന്നത്. ഇതാണ് ചോർന്നിരിക്കുന്നത്.