ഡാലസ്: അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രവാസി മലയാളി ഫെഡറേഷന് (പി.എം.എഫ്) ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലക്സ് യൂണിറ്റിന്റെ പ്രവര്‍ത്തകയോഗം ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
പാസ്പോര്‍ട്ട്, വിസ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളെ സമീപിക്കുമ്പോള്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന പ്രതികരണം അത്യന്തം നിരാശാജനകം ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. അടിയന്തിര ഘട്ടങ്ങളില്‍ പോലും യാത്രാരേഖകള്‍ ലഭിക്കുന്നതിന് നിരവധി കടമ്പകള്‍ തരണം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 26-ന് കിയാ റെസ്റ്റൊറെന്റില്‍ കൂടിയ പ്രവര്‍ത്തക യോഗത്തില്‍ നേപ്പാള്‍ പ്രകൃതിദുരന്തത്തില്‍ അകാലമൃത്യു വരിച്ച ഇന്ത്യന്‍ പ്രവാസികള്‍ ഉള്പ്പെടെആയിരക്കണക്കിനു ജനങ്ങളുടെ സ്മരണകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗനടപടികള്‍ ആരംഭിച്ചത്.
പ്രസിഡന്റ് തോമസ് രാജന് അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 7,8,9 തിയതികളില്‍ തിരുവനന്തപുരം പോത്തന് കോട്ട് നടക്കുന്ന സംഘടനയുടെ രണ്ടാമത് ഗ്ലോബല്‍ കണ്‍വെന്‍ഷനായ പ്രവസി മലയാളി കുടുംബസംഗമം 2015 വിജയിപ്പിക്കുന്നതിനും സമ്മേളനത്തില്‍ ഡി.എഫ്.ഡബ്ല്യു യൂണിറ്റില്‍ നിന്നും മൂന്നു പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ സംഘടനാ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും ഗാര്‍ലന്റ്, മസ്കിറ്റ്, സന്നിവെയ്ല് സിറ്റികളിലെ വിദ്യാലയങ്ങളില്‍ നിന്നും ഉന്നതവിജയം കരസ്ഥമാക്കുന്ന ഹൈസ്കൂള്‍ ഗ്രാജുവേറ്റ്സിനെ (വാലിഡിക്ടോറിന്സ്, സാലുറ്റെറ്റോറിയന്സ്) ആദരിക്കുന്നതിനും സോഷ്യല്‍ സെക്യൂരിറ്റി, പെന്ഷന് തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന് സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. തുടര്‍ന്നു നടന്ന സംഘടനാ ചര്‍ച്ചയില്‍ ഏലിയാസ് മര്‍ക്കോസ്, രാജന് മേപ്പുറം, സാം മത്തായി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. സെക്രട്ടറി സിജു വി. ജോര്‍ജ് നന്ദി രേഖപ്പെടുത്തി.