പോക്സോ കേസ് ഇരകളുടെ ആത്മഹത്യ വർദ്ധിക്കുന്നു;കണ്ണൂരിൽ പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു

കണ്ണൂർ:കണ്ണൂരിൽ പോക്സോ കേസ് ഇരകളുടെ ആത്മഹത്യ വർദ്ധിക്കുന്നു. കണ്ണൂർ കുറ്റേരി വില്ലേജിലെ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിനകത്താണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്മെയിൽ ചെയ്തിരുന്നുവെന്നും വിവരമുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുൽ കൃഷ്ണ എന്നയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് രാഹുൽ കൃഷ്ണയുമായി പരിചയപ്പെട്ടത്. തുടർന്നാണ് പീഡനം നടന്നത്.

വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ രാഹുൽ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കൾക്ക് ഇയാൾ വീഡിയോ അയച്ച് നൽകുകയുമുണ്ടായി. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് പെൺകുട്ടിയെ കൗൺസിലിംങ്ങിന് വിധേയമാക്കിയപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അടുത്ത ബന്ധു കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്തമായി. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം പെൺകുട്ടിയെ മൊബൈൽ ഉപയോഗത്തിൽ നിന്നും ലാപ്ടോപ്പ് ഉപയോഗത്തിൽ നിന്നുമെല്ലാം വീട്ടുകാർ വിലക്കിയ സാഹചര്യം ഉണ്ടായിരുന്നു. ഇതിൽ പെൺകുട്ടിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് ആത്മഹത്യ എന്ന സംശയം പൊലീസിനുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ പരിശോധനകൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്താനായി കൊണ്ടുപോയിരിക്കുകയാണ്.

Loading...