ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊല നടത്തിയിട്ടും യു.എ.പി.എ ചുമത്തിയില്ല ;ഷുഹൈബ് വധത്തില്‍ പൊലീസ് ചമയ്ക്കുന്ന കഥ വിശ്വസനീയമല്ലെന്ന് ഹൈക്കോടതി

കൊച്ചി : മട്ടന്നൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് , 37 വെട്ട് വെട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് ഹൈക്കോടതി. യു.എ.പി.എ സെക്ഷന്‍ 15 പ്രകാരം ബോംബെറിഞ്ഞ് ഭീകരാന്തരീഷം ഉണ്ടാക്കി കൊലപാതകം നടത്തുന്നത് ഭീകരപ്രവര്‍ത്തനമാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ യു.എ.പി.എ ചുമത്താത്തതില്‍ പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു.

കേസില്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത് സംശയാസ്പദമായ സാഹചര്യത്തിലാണെന്ന് ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി. കേസിലെ ഗൂഢാലോചന അന്വേഷിക്കണം. കൊലപാതകത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ച അഞ്ച് പ്രതികള്‍ക്കും ഷുഹൈബുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. അവര്‍ ആരുടെയോ കയ്യിലെ ചട്ടുകമാവുകയായിരുന്നു. അവര്‍ ഒളിഞ്ഞിരിക്കുകയാണെന്നും കോടതി പറഞ്ഞു.

Loading...

തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു. ഒന്നും രണ്ടും പ്രതികളെ 18ന് പിടികൂടിയെങ്കിലും കൃത്യം നടന്ന സമയത്ത് അവര്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. ആയുധങ്ങള്‍ കണ്ടെത്തിയത് 28നാണ്. ബൈജു എന്നയാളെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് പുതിയ കഥ ചമയ്ക്കുകയായിരുന്നു. ബൈജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അറിയിച്ചു. ഇതൊന്നും വിശ്വസനീയമല്ലെന്നും കോടതി തുറന്നടിച്ചു.

കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും പ്രതികളെ പിടികൂടിയെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കൊല്ലപ്പെട്ട ഷുഹൈബിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അറിയിച്ചു. അറസ്റ്റിലായ പ്രതികള്‍ക്കാര്‍ക്കും ഷുഹൈബുമായി നേരിട്ട് ബന്ധമില്ല. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയവരെ പിടികൂടണം. അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.