ഹൃദയസ്തംഭനം മൂലം മരണമെന്ന് കുടുംബം, പിന്നീട് തിരുത്തി ആത്മഹത്യയെന്നായി, മൃതദേഹം വീണ്ടും പരിശോധിക്കും

തിരുവനന്തപുരം: പൊഴിയൂരില്‍ മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനൊരുങ്ങുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് വീണ്ടും അന്വഷണത്തിന് പൊലീസ് ഒരുങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ച് 6 ന് രാത്രി മരിച്ച പൊഴിയൂരിലെ പരുത്തിയൂര്‍ ജോണിന്റെ മൃതദേഹമാണ് ഇന്ന് സെമിത്തേരിയില്‍ നിന്നെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനൊരുങ്ങുന്നത്. ജോണിന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനമായത്.

ഇയാളുടെ മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് ഭാര്യയും മക്കളും ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇവര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ മരണ ദിവസം മൃതദേഹത്തിന്റെ അടുത്ത് നില്‍ക്കാന്‍ പോലും ബന്ധുക്കളെ ഇവര്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ ദുരൂഹത തോന്നിയെന്നും പിന്നീട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞതെന്നുമായിരുന്നു ജോണിന്റെ സഹോദരി പറയുന്നത്. ഇതോടെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് ലീന്‍മേരിയും അച്ഛനും പൊലീസിനെ സമീപിക്കുകയായിരുന്നു.

Loading...

എന്നാല്‍ പിന്നീട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ തങ്ങളെ വല്ലാതെ നിര്‍ബന്ധിച്ചുവെന്നും സഹോദരി പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ചേട്ടന്റെ മരണകാരണം അറിയണമെന്നാണ് സഹോദരി വ്യക്തമാക്കുന്നത്. എന്നാല്‍ സംസ്‌കാരം നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതി കിട്ടിയതെന്ന് പൊഴിയൂര്‍ പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ സംസ്‌കരിക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.