കസ്റ്റഡിയില്‍ കഞ്ചാവിന്റെ ഗുണം വിവരിച്ച വ്‌ലോഗറുടെ വിദേശയാത്രകള്‍ പോലീസ് അന്വേഷിക്കുന്നു

തിരുവനന്തപുരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയ കേസിലെ പ്രതിയും വ്‌ളോഗറുമായ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനെ കുറിച്ച് വിശദമായ അന്വേഷണത്തിന് പോലീസ് നിര്‍ദേശം. പ്രതി നടത്തിയ വിദേശ യാത്രകളും സാമ്പത്തിക ഇടപാടുകളുമാണ് വിശദമായി അന്വേഷിക്കുക.

പിടിയിലായ ശേഷം എക്‌സൈസ് ഓഫീസില്‍ വച്ച് കഞ്ചാവ് വില്‍ക്കുന്നതിന്റെ ഗുണത്തെക്കുറിച്ച് പ്രതി വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതിയുടെ വിദേശത്തേക്കുള്ള ഫോണ്‍ വിളിയുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ച് വരുകയാണ്.

Loading...

വീഡിയോ ചിത്രീകരിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ എക്‌സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണന്‍ എക്‌സൈസ് വിജിലന്‍സ് എസ്പിയോട് നിര്‍ദേശിച്ചിരുന്നു.

പ്രതി എങ്ങനെ സ്റ്റേഷനില്‍ പാട്ടുപാടുകയും ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിധം സംസാരിക്കുവാനും കഴിഞ്ഞു. ആരാണ് വീഡിയോ ചിത്രീകരിച്ചത്. ഈ സമയത്ത് ഏതെല്ലാം ഉദ്യോഗസ്ഥരാണ് ഓഫീസില്‍ ഉണ്ടായിരുന്നത് എന്നി വിവരങ്ങളാണ് അന്വേഷിക്കുക.

എക്‌സൈസ് മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രണ്ട് ദിവസം മുമ്പാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.