പാതയോരങ്ങളിലെ കരിമ്പിൻ ജ്യൂസ് മെഷീൻ മോഷണം; രണ്ട് പേർ മലപ്പുറത്ത് പിടിയിലായി

മലപ്പുറം: പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി. മലപ്പുറം വഴിക്കടവ് പൊലീസാണ് സംഘത്തെ പിടികൂടിയത്. പെരിന്തൽമണ്ണ കൊളത്തൂരിൽ വാടകക്ക് താമസിക്കുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി നൈനാൻ ഹുസ്സൈൻ, പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി പറയൻകാട്ടിൽ ഹിലാൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും തൊണ്ടി മുതലുകളും പൊലീസ് പിടിച്ചെടുത്തു.

വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ട് കെട്ടിവെച്ച കരിമ്പ് ജ്യൂസ് മെഷീൻ പട്ടാപ്പകൽ സംഘം മോഷ്ട്ടിച്ച് കൊണ്ടുപോകുകയായിരുന്നു. അന്വേഷണത്തിൽ സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് വ്യക്തമായി. അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി മറ്റ് കേസുകളും നിരവധി പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെയുണ്ട്.

Loading...