തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊവിഡ് ബാധിച്ചെന്ന് ചാനല്‍ പരിപാടിയിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്ലിനിക്കിലെത്തിയ പ്രവാസിയ്ക്ക് കൊവിഡാണെന്ന് ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ചാനലിനെയും അറിയിച്ചതിന് ക്ലിനിക്കിലെ ഡോക്ടര്‍ ഷിനു ശ്യാമളനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ശ്രീകണ്ഠന്‍ നായര്‍ക്കെതിരേയും ഡോ. ഷിനു ശ്യാമളനെതിരേയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയാണ്‌ ഇരുവരും വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ഹാജരായത്. ഇരുവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.  ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങളും കോടതി നടത്തുകയും ചെയ്തു. കേസില്‍ ശ്രീകണ്ഠന്‍ നായരുടേയും ഷിനു ശ്യാമളന്‍റെയും അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

Loading...

തൃശൂര്‍ ജില്ലയിലെ തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പ്രവാസിക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുവര്‍ക്കും നിയമനടപടി നേരിടേണ്ടി വന്നത്. കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്നായിരുന്നു ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നത്. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്‍കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരിക്കുന്നതും പറയുന്നത് വസ്തുതയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.