മുന്‍ മന്ത്രിയും സ്വയം പ്രഖ്യാപിത ആള് ദൈവവുമായ കമ്പ്യൂട്ടർ ബാബയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഇന്‍ഡോറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെയാണ് കമ്പ്യൂട്ടർ ബാബയെന്ന നംദേവ് ത്യാഗിയുടെ (54) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നവംബര്‍ ഒമ്പതിന് അനധികൃതമെന്ന് ആരോപിച്ച് ത്യാഗിയുടെ ആശ്രമം മധ്യപ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ത്യാഗി ഉള്‍പ്പെടെ ആറു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ത്യാഗിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യാഴാഴ്ച അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായും ഇന്‍ഡോര്‍ അഡീഷണല്‍ എസ്.പി പ്രശാന്ത് ചൗബെ അറിയിച്ചു.

40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ഇതില്‍ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റവും നിര്‍മാണവും നടത്തിയതിനെ തുടര്‍ന്നാണ് പൊളിച്ചുമാറ്റിയതെന്നാണ് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് (എഡിഎം) അജയ് ദേവ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞത്.ഇയാളുടെ സ്വത്ത് വിവരങ്ങളും പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം കമ്പ്യൂട്ടർ ബാബയ്ക്കെതിരായ നടപടിയെ കോണ്‍ഗ്രസ് അപലപിച്ചു. കമ്പ്യൂട്ടർ ബാബക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയമായി പക പോക്കുകയാണെന്ന് ദിഗ്വിജയ സിംഗ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജിത്തു പട്വാരിയുടെ നേതൃത്വത്തിലുള്ള സംഘം ജയിലില്‍ കമ്പ്യൂട്ടർ ബാബയെ സന്ദര്‍ശിച്ചു.