കണ്ണൂര്‍: ഒന്നരവയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ശരണ്യയുടെ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വലിയന്നൂര്‍ സ്വദേശി നിതിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുഞ്ഞിനെ കൊല്പപെടുത്തുന്നതിലെ ഗൂഢാലോചനയിലും നിതിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ശരണ്യയെ കാമുകൻ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കുട്ടി മരിക്കുന്നതിന് തലേ ദിവസം നിതിൻ ശരണ്യയുടെ വീട്ടിൽ എത്തിയിരുന്നു. ശരണ്യയുടെ ചില ആഭരണങ്ങളും ഇയാൾ കൈക്കലാക്കിയിരുന്നു. ശരണ്യയെ കൊണ്ട് ലോൺ എടുപ്പിച്ച് പണം തട്ടാനും ഇയാൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ രേഖകളും ബാങ്കിൽ എത്തിയതിന്റെ സിസിടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.ഇതിനിടയിൽ നിതിന്റെ വിവാഹം നിശ്ചയിച്ചതിൽ ശരണ്യ അസ്വസ്ഥയായി. നഗരത്തിൽ ഒരിടത്ത് വച്ച് ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒന്നര മണികൂറിലധികം നീണ്ടു നിന്ന കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17 നാണ് ഒന്നര വയസുകാരൻ വിയാന്റെ മൃതദേഹം തയ്യിൽ കടൽ ഭിത്തിയിൽ കണ്ടെത്തുന്നത്. അടുത്ത ദിവസം വൈകുന്നേരത്തോടെ അമ്മ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനെ സംബന്ധിച്ചുള്ള വിവരം അപ്പോൾ പോലീസിന് ലഭിച്ചിരുന്നു. കുറ്റകൃത്യത്തിൽ നിതിന് പങ്കില്ലന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ സ്വീകരിച്ചതെങ്കിലും അന്വേഷണം അവസാനിപ്പിച്ചില്ല.പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ശരണ്യയുടെ വീടിന് സമീപത്ത് നിതിൻ എത്തിയതായി ദൃക്സാക്ഷിയിൽ നിന്ന് ബോധ്യപെട്ടു.
അങ്ങനെ നിതിനെ വീണ്ടും ചോദ്യം ചെയ്തു. ശരണ്യയേയും നിതിനേയും ഒപ്പം ഇരുത്തിയും മൊഴികൾ താരതമ്യം ചെയ്തു.കൊലപാതകത്തിൽ നിതിന് പങ്കില്ലന്ന നിലപാടിൽ ഉറച്ച് നിന്ന ശരണ്യ പോലീസ് തെളിവ് നിരത്തിയതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. അങ്ങനെയാണ് കൊലപാതകത്തിന്റെ ഗൂഡാലോചനയിലെ നിതിന്റെ പങ്ക് വ്യക്തമായത്. കുഞ്ഞിനെ ഒഴിവാക്കാൻ നിതിൻ പ്രേരിപ്പിച്ചിരുന്നതായും ശരണ്യ പോലീസിനോട് സമ്മതിച്ചു.ശരണ്യയെ വിവാഹം കഴിക്കാൻ നിതിന് താത്പര്യം ഉണ്ടായിരുന്നില്ല. മറിച്ച് സാമ്പത്തികമായും ശാരീരികമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അടുത്തത്.
പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.