വീടിന് സമീപത്ത് നിന്ന യുവാവിനെ അകാരണമായി മർദിച്ച് പൊലീസ്; വിവാദമായപ്പോൾ അങ്ങനൊരു സംഭവമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെതിരെയുള്ള പരാതികൾ വ്യാപകമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. അനാവശ്യമായി പിഴ ഈടാക്കുന്നുവെന്നും അകാരണമായി മർദിക്കുന്നുവെന്നുമാണ് ഇവർക്കെതിരെ ഉയരുന്ന പരാതികൾ. ഏറ്റവും ഒടുവിലായി തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നുമാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം. കഴക്കൂട്ടം സ്വദേശി ഷിബുകുമാർ യു വി(40)യെയാണ് പോലീസ് മർദ്ദിച്ചത്.

പണി നടന്നു വരുന്ന വീട്ടിൽ വന്നു മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘമായിരുന്നു ഷിബുവിനെ ലാത്തി വച്ച് അടിച്ചത്.ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. പരാതിക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും മദ്യപാനികൾ തമ്മിലുള്ള സംഘർഷത്തിലാണ് ഷിബുവിന് പരിക്ക് പറ്റിയതെന്നും കഴക്കൂട്ടം പൊലീസ് പറയുന്നു. കഴക്കൂട്ടം സ്റ്റേഷൻ എസ്ഐമാരായ വിമലിനും വിഷ്ണുവിനും എതിരെയാണ് പരാതി. ഇവരൊരു ചുവന്ന കാറിലാണ് എത്തിയതെന്നും വഴിയരികിൽ നിൽക്കുകയായിരുന്ന തന്നെ നിരന്തരം മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് ഷിബു.

Loading...