ഫുട്‌ബോള്‍ ആഹ്‌ളാദ പ്രകടനത്തിനിടെ കൊച്ചിയിലും തിരുവനന്തപുരത്തും പോലീസുകാർക്ക് മർദ്ദനം

കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും ഫുട്‌ബോൾ ആഘോഷത്തിനിടെ പോലീസുകാർക്ക് മർദ്ദനമേറ്റു. കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ മദ്യപസംഘമാണ് ക്രൂരമായി മർദ്ദിച്ചത്. അർജന്റീന – ഫ്രാൻസ് ലോകകപ്പ് ഫൈനൽ വലിയ സ്‌ക്രീനിൽ കാണാനെത്തിയ അഞ്ചംഗ സംഘമാണ് പോലീസിനെ മർദ്ദിച്ചത്.

തള്ളി നിലത്തിട്ട് ചവിട്ടിയതിന് ശേഷം പോലീസുകാരനെ അക്രമികൾ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലിബിൻരാജിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അരുൺ, ശരത് എന്നിവരെ പോലീസ് പിടികൂടി.

Loading...

തിരുവനന്തപുരം പൊഴിയൂരിലും സമാനമായ സംഭവം ഉണ്ടായി. ഇവിടെ മദ്യപസംഘം എസ്.ഐയെ മർദ്ദിക്കുകയിരുന്നു. മദ്യപസംഘത്തോട് പിരിഞ്ഞു പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. അക്രമി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐ സജിയെ മർദ്ദിച്ചത്. അക്രമിസംഘത്തിലുണ്ടായിരുന്ന പാറശ്ശാല സ്വദേശി ജസ്റ്റിനെ അറസ്റ്റ് ചെയ്തിരുന്നു. പരിക്കേറ്റ എസ്.ഐ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

തലശേരിയിലുണ്ടായ അക്രമത്തിൽ എസ് ഐക്ക് മർദ്ദനമേറ്റു. വിജയാഹ്ലാദവുമായി ബൈക്കിൽ പോയ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് എസ്.ഐ മനോജിന് മർദ്ദനമേൽക്കുന്നത്. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. അക്രമി സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.