കോവിഡ് നിരീക്ഷണത്തില്‍ നിന്നും ചാടി വീണ്ടും മോഷണം, കള്ളനെ പൊക്കി പോലീസ്

ആറ്റിങ്ങല്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി പോയ കള്ളനെ പീടികൂടി. വര്‍ക്കല അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കൊല്ലം പുത്തന്‍കുളം നന്ദു ഭവനില്‍ തീവട്ടി ബാബു എന്നറിയപ്പെടുന്ന 61കാരന്‍ ബാബുവിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം കല്ലമ്പലത്ത് വീട് കുത്തി തുറന്ന് മോഷണം നടത്തുന്നതിനിടെയാണ് തീവട്ടി ബാബുവിനെയും കൂട്ടാളി കൊട്ടാരം ബാബുവിനെയും പോലീസ് പിടികൂടുന്നത്.

റിമാന്‍ഡില്‍ ആയ ഇവരെ താമസിപ്പിച്ചിരുന്നത് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു.എന്നാല്‍ ഇവിടെ നിന്നും രക്ഷപ്പെട്ട ബാബു കോട്ടയം ജില്ലയിലും വിവിധ സ്ഥലങ്ങളിലും മോഷണം നടത്തി. കോട്ടയം തലപ്പാറയില്‍ നിന്നും ഇയാള്‍ ഇരുചക്ര വാഹനം മോഷ്ടിച്ചിരുന്നു.പിടിയിലാവുമ്പോള്‍ ഈ വാഹനവും ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു.പൊന്‍കുന്നം സ്റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് മോഷണത്തിന് പിന്നിലും ഇയാള്‍ ആണെന്ന് വ്യക്തമായി.

Loading...

റൂറല്‍ എസ്.പി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ സി.ഐ അജി.വജി.നാഥ്, വര്‍ക്കല സി.ഐ ജി. ഗോപകുമാര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ ഫിറോസ് ഖാന്‍, എ.എസ്.ഐമാരായ ബി. ദിലീപ്, ജി. ബാബു, ആര്‍. ബിജുകുമാര്‍, സി.പി.ഒ ഷെമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളോടൊപ്പം രക്ഷപ്പെട്ട മറ്റൊരു മോഷണക്കേസ് പ്രതി വിഷ്ണു ഇപ്പോഴും ഒളിവിലാണ്.