വിമാനത്താവളങ്ങളില്‍ ജോലിചെയ്യുന്ന പൊലീസുകാരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കില്ല: പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കും

തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുളള സുരക്ഷാ ഉപകരണവും ഭക്ഷണവും ലഭ്യമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥരെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയിന്‍റുകളില്‍ എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പൊലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല. വാറണ്ടില്‍ പ്രതികളെ അറസ്റ്റ് ചെയ്യുക മുതലായ നടപടികള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ആകാവൂ. മൃതദേഹങ്ങളില്‍ നിന്ന് എടുക്കുന്ന വസ്തുക്കള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം ഉണ്ട്.

Loading...

അതേസമയം തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 20 പേർക്ക്. രോഗം സ്ഥിരീകരിച്ചവരിൽ നാല് ബി.എസ്.എഫ് ജവാന്മാരും ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 189 ആയി. പത്ത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ജൂൺ 26ന് സൗദിയിൽ നിന്നുവന്ന പഴുവിൽ സ്വദേശി, ജൂൺ 18ന് കുവൈത്തിൽ നിന്നെത്തിയ പഴുവിൽ സ്വദേശി, ജൂൺ 21ന് സൗദിയിൽ നിന്നെത്തിയ ചാലക്കുടി സ്വദേശി, ജൂൺ 30ന് ഖത്തറിൽ നിന്നുവന്ന അടാട്ട് സ്വദേശി, ജൂൺ 30ന് ദുബായിൽ നിന്നുവന്ന കുന്നംകുളം സ്വദേശി, റിയാദിൽ നിന്നെത്തിയ വരവൂർ സ്വദേശി, റിയാദിൽ നിന്നും വന്ന വെള്ളാങ്കല്ലൂർ സ്വദേശി, റിയാദിൽ നിന്നുവന്ന നാട്ടിക, മണ്ണുത്തി സ്വദേശികൾ, ജൂൺ ഒന്നിന് മുംബൈയിൽ നിന്നുവന്ന പുല്ലഴി സ്വദേശി, ബംഗളൂരുവിൽ നിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ് പ്രായമായ ആൺകുഞ്ഞ്, ബംഗളൂരുവിൽ നിന്നുവന്ന കൊടുങ്ങല്ലൂർ സ്വദേശി, ജൂൺ 30ന് ബംഗളൂരുവിൽ നിന്നുവന്ന തൃശൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.