വീട്ടുകാരെപ്പോലും ഞെട്ടിച്ച് 18 വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ പോലിസ് ‘സ്വന്തം വീട്ടില്‍ നിന്ന്’ കണ്ടെത്തി.. കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ

പതിനെട്ടുവര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥനെ ഒടുവില്‍ പൊലീസ് കണ്ടെത്തി. അതും സ്വന്തം വീട്ടില്‍നിന്ന്. കൊല്ലം വടക്കേവിള കുറ്റാത്തുവിള ലക്ഷം വീട്ടില്‍ സുദര്‍ശനബാബു (54)വിനെയാണ് പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി 2001ല്‍ ഇയാളുടെ ഭാര്യ നല്‍കിയ കേസിനാണ് ഇതോടെ അവസാനമായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മടങ്ങിയെത്തിയ സുദര്‍ശനബാബു കുടുംബവുമൊത്ത് കഴിഞ്ഞുവരികയായിരുന്നു.
2000 ഡിസംബര്‍ 17ന് ഗുജറാത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് ട്രെയിനില്‍ പോയ സുദര്‍ശനബാബുവിന്റെ വിവരങ്ങള്‍ അറിയാത്തതിനെ തുടര്‍ന്ന് 2001 മെയ് 22നാണ് ഭാര്യ ശകുന്തള കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താനായില്ല.

കൊല്ലത്തുനിന്ന് മുംബൈ ട്രെയിനില്‍ കയറിയ ഇദ്ദേഹം മുംബൈയിലാണ് ഇറങ്ങിയത്. ഭാഷ വശമില്ലാതെ അലഞ്ഞുനടന്നെങ്കിലും ചില മലയാളികളുടെ സഹായത്തോടെ ഗുജറാത്തിലെ സഹോദരിയുടെ വീട്ടില്‍ എത്തി. അവിടെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റില്‍ ഏറെക്കാലം ജോലിനോക്കിയശേഷം പത്തുവര്‍ഷം മുമ്പ് നാട്ടില്‍ മടങ്ങിയെത്തി കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു.

Loading...

എന്നാല്‍, കേസിനെക്കുറിച്ച് അറിയാതിരുന്ന സുദര്‍ശനബാബു സ്റ്റേഷനില്‍ ഹാജരാകുകയോ തുടര്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.

ഇയാളെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഈസ്റ്റ് പൊലീസില്‍നിന്ന് കേസ് കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിസ്ട്രിക്ട് മിസിങ് പേഴ്സണ്‍ ട്രാക്കിങ് യൂണിറ്റിലെ പ്രത്യേക സംഘം ഏറ്റെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൂനമ്പായിക്കുളം ക്ഷേത്രത്തിനു സമീപം ഇദ്ദേഹം പൂക്കച്ചവടം നടത്തിവരുന്നതായി കണ്ടെത്തി. മണക്കാട്ടെ വീട്ടില്‍നിന്ന് ബുധനാഴ്ച പൊലീസ് കണ്ടെത്തി മകനൊപ്പം കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ കുടുംബത്തോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു.