ദിലീപിനെതിരേ തെളിവ് കൈമാറി..; ലിബര്‍ട്ടി എല്ലാം അവരെ അറിയിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിനെ ചോദ്യം ചെയ്തു. കേസില്‍ വീണ്ടും ജാമ്യം തേടി ദിലീപ് കോടതിയെ സമീപിച്ചതോടെ കൂടുതല്‍ തെളിവുകള്‍ നിരത്തി ഇതു തടയാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയില്‍ ദിലീപുമായി ശത്രുത പുലര്‍ത്തുവരെ പോലീസ് ചോദ്യം ചെയ്യുന്നത്.

മൂന്നു തവണ ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് ഇന്ന് വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം ഗുരുതരമായ ആരോപണങ്ങളാണ് ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇന്നു അദ്ദേഹത്തിനെ ചോദ്യം ചെയ്തത്.

ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണസംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ അന്വേഷണസംഘത്തെ അറിയിച്ചതായി ബഷീര്‍ പറഞ്ഞു. തന്റെ പക്കലുള്ള തെളിവുകളും കൈമാറി. ദിലീപിന്റെ കുടുംബത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള തര്‍ക്കത്തെക്കുറിച്ചും അന്വേഷണസംഘത്തെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിനെതിരേ ചാനല്‍ ചര്‍ച്ചയിലും മറ്റും ഗുരുതരമായ ആരോപണങ്ങള്‍ ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നു. ചിരി തൂകുന്ന ക്രൂരനായ തമാശക്കാരനെന്നാണ് ദിലീപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പണത്തിനോട് ആര്‍ത്തിയുള്ള വ്യക്തിയാണ് ദിലീപ്. ഒരു സഹായം ലഭിച്ചാല്‍ അതിന്റെ നന്ദി പോലും താരം കാണിക്കാറില്ലെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു. ദിലീപിനെ കൈപിടിച്ചുയര്‍ത്തിയത് താനാണ്. എന്നിട്ടും തന്നോട് അദ്ദേഹത്തിനു പക തോന്നാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ബഷീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.