കോഴിക്കോട്: നിയന്ത്രണം നഷ്ടപ്പെട്ട പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. അപകട സമയം എസ്‌ഐ അടക്കം നാല് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. നാല് പേർക്കും അപകടത്തിൽ പരിക്കേറ്റു. പേരാമ്പ്ര എസ്ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്.
അതേസമയം തൃശ്ശൂരിൽ ചൈൽഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെയും ഇയാൾ കടത്തിക്കൊണ്ടു പോയ16-കാരിയെയും കണ്ടെത്തി. ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ പുതുക്കാടുനിന്നാണ് ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് കുമാറി(20)നെയും 16-കാരിയെയും പോലീസ് കണ്ടെത്തിയത്. ഇരുവരും നിലവില്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലാണുള്ളത്.
വ്യാഴാഴ്ച പുലർച്ചെയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ ജീവനക്കാരിയെ ആക്രമിച്ച് കൂടെവന്ന പെൺകുട്ടിയുമായി ഛത്തീസ്ഗഢ് സ്വദേശിയായ ദീപക് കുമാർ സിങ് കടന്നുകളഞ്ഞത്. ദുരൂഹസാഹചര്യത്തിൽ സ്റ്റേഷനിൽ കണ്ടതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ പിടിച്ചുവെക്കുകയായിരുന്നു. ചൈൽഡ് ലൈൻ ജീവനക്കാരി സിനിയെ ആക്രമിച്ചാണ് പ്രതി കടന്നത്. പിടിവലിക്കിടെ സിനിയുടെ വിരലുകൾക്ക് പരിക്കേറ്റു.