ഇറാഖിൽ ഐഎസ് ആക്രമണത്തിൽ 13 പൊലീസുകാർ കൊല്ലപ്പെട്ടു

വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൻ്റെ ആക്രമണത്തിൽ 13 പൊലീസുകാർ കൊല്ലപ്പെട്ടു. വടക്കൻ ഇറാഖിലെ കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലെ ചെക്ക്പോസ്റ്റിൽ വെച്ചായിരുന്നു ആക്രമണ൦. സായുധരായ ഐഎസ് തീവ്രവാദികൾ പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന ആക്രമണമായിരുന്നു നടന്നത്. ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റു എന്നും റിപ്പോർട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ പഞ്ജ്‌ഷീറിൽ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജാമിയത്തേ ഇസ്ലാമി പാർട്ടിയുടെ മുതിർന്ന നേതാവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ്സിൻ്റെ അംഗവും കൂടിയാണ് ഫഹീം. ടോളോ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Loading...

അതോടൊപ്പം പഞ്ജ്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് അവകാശപ്പെടുന്നു. കുഴിബോംബുകൾ ഉള്ളതുകാരണം പ്രദേശത്തെ താലിബാൻ ആക്രമണം മന്ദഗതിയിലാണ്. ഇതാണ് ഇവർ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.