കൊടുംക്രിമിനലുകളെ വെടിവച്ച് കൊന്നു, പ്രാണരക്ഷാര്‍ത്ഥം വെടിവച്ചതെന്ന് പോലീസ്, ഏറ്റുമുട്ടല്‍ കൊലയെന്ന് സംശയം

ചെന്നൈ: പത്തോളം കൊലപാതക കേസുകളില്‍ ഉൾപ്പടെ പ്രതികളായ രണ്ട് കൊടുംക്രിമിനലുകളെ വെടിവച്ച് കൊന്ന് തമിഴ്നാട് പോലീസ്. ചെന്നെ താമ്പരത്തിന് സമീപം ഗുടുവഞ്ചേരില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്‌ക്കായിരുന്നു സംഭവം. രമേശ്(35), ചോട്ടാ വിനോദ്(32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം ഏറ്റുമുട്ടല്‍ കൊലയെന്ന് ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും, പ്രാണരക്ഷാര്‍ത്ഥം വെടിവച്ചതെന്നാണ് പോലീസിന്റെ വാദം.

ഇന്‍സ്‌പെക്ടര്‍ മുരുഗേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് മരിച്ച വിനോദ് പതിനാറും രമേശ് ആറും കൊലക്കേസുകളില്‍ പ്രതിയാണ്. വിനോദിനെതിരെ കൊലപാതക ശ്രമങ്ങളടക്കം 50ലേറെ കേസുകളുണ്ട്. രമേശിനെതിരെ 20ലേറെ കേസുകളുണ്ടെന്നുമാണ് വിവരം. പോലീസ് വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ കാര്‍ ജീപ്പിലേക്ക് ഇടിച്ചുകയറ്റി തങ്ങളെ അക്രമിക്കുകയായിരുന്നെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെച്ചെന്നുമാണ് പോലീസ് വാദം.

Loading...

ഏറ്റുമുട്ടലിൽ പോലീസുകാരനായ ശിവഗുരുനാഥന് ഇടതു കൈക്ക് പരിക്കേറ്റു. ഇയാളെ തലയ്‌ക്ക് അക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവർക്കൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. .കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചെന്നും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണു ആക്രമണം നടത്തിയതെന്നും പോലീസിൽ പറഞ്ഞു.