പമ്പാനദിയിൽ മുങ്ങി താഴ്ന്ന 3 അയ്യപ്പന്മാർക്ക് രക്ഷകനായയി പോലീസുകാരൻ

പേരാമ്പ്ര: പമ്പാനദിക്കരയിലൂടെ നടക്കുന്നതിനിടയിലാണ് പട്രോളിങ്‌ ഡ്യൂട്ടിയിലായിരുന്നു പെരുവണ്ണാമൂഴി സ്വദേശിയായ പോലീസുകാരൻ ഇ.എം. സുഭാഷ് ആ കാഴ്ച കണ്ടത്. കുളക്കടവിൽ മൂന്ന് അയ്യപ്പന്മാർ നദിയിൽ ഒഴുക്കുള്ള ഭാഗത്ത് താഴ്ന്നുപോന്നു. രണ്ടുപേർ കയത്തിലകപ്പെട്ടപ്പോൾ രക്ഷിക്കാനെത്തിയ മൂന്നാമത്തെയാളും താഴ്ന്നു പോകുകയായിരുന്നു. പിന്നെ സുബാഷ് ഒന്നും നോക്കിയില്ല. കൈയിലെ പഴ്‌സും വയർലെസ് സെറ്റും കൂടെയുള്ള പോലീസുകാരനെ ഏല്പിച്ച് നദിയിലേക്ക് എടുത്തുചാടി.

സുബാഷ് മൂന്നുപേരെയും അതിസാഹസികമായി രക്ഷപ്പെടുത്തി. കർണാടക സ്വദേശികളായ ശ്രീധറും (32) ചന്ദുവും (23) ഗൗതവും (20) ആയിരുന്നു നദിയിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അപകടമേഖലയായതിനാൽ നേരത്തേതന്നെ നിയന്ത്രണമുള്ള സ്ഥലത്താണ് അയ്യപ്പന്മാർ ഇറങ്ങിയത്. 15 വർഷമായി കേരള പോലീസിൽ ജോലിചെയ്യുന്ന സുഭാഷ് ഇപ്പോൾ വടകര പോലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.

Loading...

മരണത്തെ മുഖാമുഖംകണ്ട മൂന്നുപേർക്കും സുഭാഷിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ജീവിതം തിരിച്ചുകിട്ടിയത്. പുഴയിൽച്ചാടുമ്പോൾ എടുത്തുവെക്കാൻമറന്ന ഫോൺ നഷ്ടപ്പെട്ടെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് സുബാഷ്. നേരത്തേ പേരാമ്പ്ര പോലീസ് സ്റ്റേഷനിലുമുണ്ടായിരുന്നു. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ സ്വദേശിയായ ഇദ്ദേഹം പേരാമ്പ്ര എരവട്ടൂർ ഏരത്ത് മുക്കിൽ എരഞ്ഞോളി മീത്തൽ ആരാമം വീട്ടിലാണ് താമസം.