തന്നെയും മക്കളെയും മർദിക്കുന്നതായി പോലീസിനെ വിളിച്ച് അറിയിച്ച് യുവതി, അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തി ഗൃഹനാഥൻ

കോട്ടയം: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ഗൃഹനാഥന്‍ അടിച്ചു വീഴ്ത്തി. കോട്ടയം പാമ്പാടിയില്‍ ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. പാമ്പാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതിനാണ് മര്‍ദനമേറ്റത്. മർദനത്തിൽ ഇദ്ദേഹത്തിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിച്ചു.

പാമ്പാടി നെടുംകുഴി സ്വദേശിയായ സാം എന്നയാളാണ് പോലീസുകാരനെ മര്‍ദിച്ചത്. ഇയാളുടെ ഭാര്യ രാത്രി പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയും ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദിക്കുകയാണെന്ന് പരാതി അറിയിക്കുകയും ചെയ്തു. ഇതോടെ ജിതിനും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും നെടുംകുഴിയിലെ സാമിന്റെ വീട്ടിലെത്തി.

Loading...

മദ്യലഹരിയിലായിരുന്ന സാം പോലീസുകാരെ കണ്ടയുടന്‍ ജിതിനെ അടിച്ചുവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജിതിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തില്‍ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.