ഡല്‍ഹി കത്തുന്നു; പൊലീസ് ഉദ്യോഗസ്ഥന്റെ മരണം വെടിയേറ്റ് ;ഞങ്ങളുടെ അച്ഛന്‍ ചെയ്ത തെറ്റ് എന്താണെന്ന് മക്കള്‍

ഡല്‍ഹി; മൂന്ന് ദിവസമായി തലസ്ഥാന നഗരി കത്തുകയാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയാണ് മൂന്ന് ദിവസമായി അശാന്തമായി തുടരുന്നത്. കലാപത്തില്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ രത്തന്‍ ലാല്‍ മരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചത് വെടിയേറ്റാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ മൃതദേഹ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദയാല്‍പുര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു 42 വയസ്സുകാരനായ രത്തന്‍ കൊല്ലപ്പെട്ടത്.കല്ലേറിലാണ് രത്തന്‍ലാല്‍ മരണപ്പെട്ടതെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ നടന്ന മൃതദേഹ പരിശോധനയിലാണ് ഇടതുചുമലിന് വെടിയേറ്റതിനെ തുടര്‍ന്നാണ് രത്തന്‍ മരണപ്പെട്ടത് എന്ന് വ്യക്തമായത്.

ഇടതുചുമലില്‍ തുളഞ്ഞുകയറിയ ഈ വെടിയുണ്ട മൃതദേഹ പരിശോധനയില്‍ വലതുചുമലില്‍ നിന്നാണ് പുറത്തെടുത്തത്. മൃതദേഹം വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയിലുള്ള വീട്ടിലെത്തിക്കും. തുടര്‍ന്ന് ജന്മഗ്രാമമായ ഫത്തേപുരിലേക്ക് കൊണ്ടുപോവും. ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ ഒമ്പതുപേരാണ് ഇതിനകം മരിച്ചിരിക്കുന്നത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച രണ്ടുപേരും വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരായിരുന്നു. വെടിയേറ്റ് ഒരു മാധ്യമ പ്രവര്‍ത്തകനും ആശുപത്രിയിലാണ്. ഇരുമ്പുവടികളും തോക്കുമേന്തിയാണ് അക്രമികള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.

Loading...

അതേസമയം വളരെ വൈകാരികമായാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മക്കള്‍ പ്രതികരിച്ചത്. എന്താണ് ഞങ്ങളുടെ അച്ഛന്‍ ചെയ്ത തെറ്റ് എന്നാണ് പൊലീസ് കമ്മീഷണറോട് മക്കള്‍ പറഞ്ഞത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ മൂന്ന് ദിവസമായി സംഘര്‍ഷം നടക്കുന്നത്.ഹോളി ആഘോഷിക്കാന്‍ തങ്ങളെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകുമെന്ന് അച്ഛന്‍ ജോലിക്ക് പോകും മുമ്പ് ആ കുട്ടികള്‍ക്ക് രത്തന്‍ ലാല്‍ വാക്ക് നല്‍കിയിരുന്നതാണ്. എന്നാല്‍ ജോലി കഴിഞ്ഞ് അച്ഛന്‍ മടങ്ങിവരുന്നതും കാത്തിരുന്ന അവരുടെ മുന്നിലേക്കാണ് രത്തന്‍ലാലിന്റെ മരണവിവരമെത്തുന്നത്. രത്തന്‍ലാല്‍ സമാധാനപ്രിയനായിരുന്നെന്നും ഒരിക്കലും സംഘര്‍ഷത്തിനോ കലഹത്തിനോ മുതിര്‍ന്നിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പതിമൂന്നും പത്തും എട്ടും വയസ് പ്രായമുള്ള മൂന്ന് കുട്ടികളാണ് രത്തന്‍ ലാലിന്.

ഇദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യയും കുട്ടികളും അനാഥരായി. 42 കാരനായ രത്തന്‍ലാല്‍ ധീരനും കഴിവുറ്റ പോലീസുകാരനായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കുന്നതിനായി അക്രമികളെ നേരിടുന്നതിനിടെയാണ് രത്തന്‍ലാല്‍ അക്രമത്തിനിടെ പരിക്കേറ്റ് മരണത്തിന്‌ കീഴടങ്ങിയത്. 1998ലാണ് രത്തന്‍ ലാല്‍ ഡല്‍ഹി പോലീസില്‍ ചേരുന്നത്. അഭിനന്ദന്‍ വര്‍ത്തമാന്റേതുപോലെയുള്ള മീശയാണ് രത്തന്‍ലാല്‍ എന്ന പേര്. കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിനെ അടുത്തറിയാവുന്നവരുടെ മനസിലേക്ക് ഓടിയെത്തുന്നത്. രാജസ്ഥാനിലെ സികറില്‍ ഇടത്തരം കുടുംബത്തിലാണ് രത്തന്‍ലാല്‍ ജനിച്ചത്.