ലോക്ഡൗണ്‍ പാലിച്ചില്ല;പൊലീസിന്റെ ശിക്ഷ കടുത്തു, വിവാദമായതോടെ മാപ്പുപറഞ്ഞു

ലഖ്‌നൗ: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ആള്‍ക്കാരെ വീട്ടിലിരുത്തുക എന്നത് പൊലീസിന് ഒരു തലവേദന തന്നെയായിരിക്കുകയാണ്. അതിനായി നിരവധി മാര്‍ഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നതും. അത്തരത്തില്‍ പൊലീസ് കാണിച്ച നടപടിയാണ് ഇപ്പോള്‍ വിവാദമായത്. ലഖ്‌നൗവിലാണ് സംഭവം ലോക്ഡൗണ്‍ ലംഘിച്ച ഒരു സംഘം ആള്‍ക്കാരെ പ്രാകൃതമായ രീതിയിലാണ് യുപി പൊലീസ് ശിക്ഷിച്ചത്.

നടുറോഡിലിരുന്ന് ഇരുകൈകളും ഉപയോഗിച്ച് കൊണ്ട് മുന്നോട്ട് നീങ്ങാനാണ് പൊലീസുകാര്‍ ഇവരോട് ആവശ്യപ്പെട്ടത്. വിവാദമായതോട പൊലീസ് മാപ്പ് പറഞ്ഞ് തടിയൂരുകയും ചെയ്തു. യുപിയില്‍ ജോലി തേടിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് ക്രൂരപീഡനത്തിന് ഇരയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനായി യാത്ര തിരിച്ചപ്പോഴാണ് ഇവര്‍ പോലീസിന്റെ മുന്നിലകപ്പെട്ടത്. ഇവരുടെ അപേക്ഷകള്‍ പോലീസ് ചെവികൊണ്ടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുള്ള ശിക്ഷയായി നിലത്തിരുന്ന് കൈകുത്തി മുന്നോട്ട് നീങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. തോളില്‍ ബാഗുമായി റോഡില്‍ കൈകുത്തി നീങ്ങുന്ന ചെറുപ്പക്കാരുടെ വീഡിയോ വിവാദമായതോടെ സംഭവത്തില്‍ ക്ഷമചോദിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.

വീഡിയോയില്‍ കാണിന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രൊബേഷനറാണ്. ഒരു വര്‍ഷത്തെ ജോലിപരിചയം മാത്രമേയുള്ളൂ. മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നെങ്കിലും അവര്‍ മറ്റുസ്ഥലങ്ങളില്‍ ജോലിയിലായിരുന്നു. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തും. ഞാന്‍ മാപ്പുചോദിക്കുന്നു, ഇങ്ങനെ സംഭവിച്ചുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു. ബദായൂന്‍ എസ്എസ്പി എ.കെ.ത്രിപാഠി പറഞ്ഞു.