പ്രവാസികള്‍ക്ക് വേണ്ടി നാട്ടിലുള്ള ഭാര്യമാരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തി നല്‍കി പോലീസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ഷാഡോ പൊലീസുകാരന്‍ മണ്ണ് മാഫിയകളുടെയും റിസോര്‍ട്ടുകളുടെയും ആക്രി വ്യാപാരികളുടെയും മാസപ്പടി കൈപ്പറ്റുന്നുവെന്ന പരാതിയില്‍ ഡി.ജി.പിയ്ക്ക് ലഭിച്ച പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി റൂറല്‍ പൊലീസിന്റെ ഷാഡോ വിഭാഗത്തിലും ക്രൈം സ്‌ക്വാഡിലും ജോലിനോക്കുന്ന ഇയാള്‍ കൃത്യമായി ജോലിക്കെത്താറില്ലെന്ന സൂചനയോടെയാണ് പരാതിയില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

സുഹൃത്തുക്കളുമൊത്ത്ഒരു സ്റ്റുഡിയോ കേന്ദ്രീകരിച്ച് മദ്യപാനവും മറ്റ് കാര്യങ്ങളുമായി സമയം ചെലവഴിക്കുകയാണ് പൊലീസുകാരന്റെ പതിവ്. ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ക്കായി അവരുടെ ഭാര്യമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്റെ പേരുപറഞ്ഞാണ് ഈ ചോര്‍ത്തല്‍. ചില റിസോര്‍ട്ടുകളിലേക്ക് സ്വന്തം കാറില്‍ മദ്യം കടത്തി നല്‍കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. മണല്‍ മാഫിയയുമായി വഴിവിട്ട ബന്ധമുള്ളതായും ആക്ഷേപമുണ്ട്.

Loading...

മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ മുമ്പ് സ്ഥലം മാറ്റപ്പെട്ട പൊലീസുകാരന്‍ ചില സ്വാധീനങ്ങളുപയോഗിച്ച് വീണ്ടും ക്രൈം സ്‌ക്വാഡില്‍ എത്തുകയായിരുന്നുവത്രേ. ചില ആക്രി മുതലാളിമാരില്‍ നിന്നും മാസപ്പടി വാങ്ങുന്നതായും പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദ്ദേശാനുസരണമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം പരാതിയില്‍ അന്വേഷണം തുടങ്ങിയത്.