മാവോയിസ്റ്റ് സിപി ജലീൽ കൊലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പൊലീസ്: ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ല

തിരുവനന്തപുരം: വൈത്തിരിയിൽ റിസോർട്ടിൽ വച്ചു നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സിപി ജലീൽ കൊലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ജലീലിന് ഒപ്പമുണ്ടായിരുന്നത് മാവോയിസ്റ്റ് ചന്ദ്രുവാണ്. ചന്ദ്രുവാണ് പൊലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിലാണ് ജലീലിന് വെടിയേറ്റത്.

ഏറ്റുമുട്ടലിനിടെയാണ് ജലീൽ കൊലപ്പെട്ടതെന്നും എന്നാൽ ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. റിസോർട്ടിൽ ഏറ്റുമുട്ടലുണ്ടായെന്നും പൊലീസ് തിരിച്ചു വെടിവച്ചുവെന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകൾ റിസോർട്ടിൽ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Loading...

സ്ഥലപരിശോധനയിൽ ലഭിച്ച തിരകളിൽ പൊലീസിൻ്റ തോക്കിൽ ഉപയോഗിക്കാത്ത വെടിയുണ്ട ലഭിച്ചിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചപ്പോൾ ഉണ്ടായതാണ്. ഇയാളുടെ രക്തസാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എകെ 47 തോക്കിൻ്റെ തിരകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ചന്ദ്രു പൊലീസിന് നേരെ വെടിവച്ചതിന് സാക്ഷികളുണ്ട്. ജലീലിൻ്റെ തോക്കിൻ്റെ ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.