യാത്രാപാസ്സ് ഇന്ന് വൈകിട്ട് മുതല്‍ കേരള പോലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും

കൊറോണ പ്രതിരോധ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ യാത്രകള്‍ക്കായി പോലീസ് പാസ്സ് നിര്‍ബന്ധമാക്കി. കേരള പോലീസിന്റെ വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഈ ഫോമില്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് ആണ് യാത്രയ്ക്കുളള അനുമതി നല്‍കുന്നത്. അനുമതി ലഭിച്ചാലുടനെ അപേക്ഷകന്റെ ഫോണിലേക്ക് ഒടിപി ലഭിക്കുകയും, യാത്രാപാസ്സ് ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇത് ഉപയോഗിച്ച് മാത്രമേ യാത്ര നടത്താനാകൂ.

അതേസമയം അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പോലീസ് പാസ്സിന്റെ ആവശ്യമില്ല. ആശുപത്രി ജീവനക്കാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പാസ്സില്ലാതെയും യാത്ര ചെയ്യാം. മരണം, ആശുപത്രി കേസുകള്‍, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ്സ് അനുവദിക്കുന്നത്. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും പാസ്സിനായി അപേക്ഷിക്കാം. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

Loading...