പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണം; നജ്‌ലയുടെ ആത്മഹത്യ റെനീസിന്റെയും പെണ്‍സുഹൃത്തിന്റെയും ഭീഷണിയെ തുടര്‍ന്ന്, കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഒ റെനീസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. ഇരുവരും ചേര്‍ന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതേ തുടര്‍ന്നാണ് രണ്ട് കുട്ടികളെയും കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയാണ് ഷഹാന ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ മെയ് 10ന് മക്കളെ കൊലപ്പെടുത്തി നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നു. ഷഹാന ക്വാര്‍ട്ടേഴ്‌സിലെത്തി നജ്ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. റെനീസ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

Loading...

കേസില്‍ 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് ഉള്ളത്. നജ്ല ആത്മഹത്യ ചെയ്ത ദിവസം വൈകിട്ട് ഷഹാന ക്വാര്‍ട്ടേഴസിലെത്തി ഹാളില്‍ വെച്ച് നജ്ലയുമായി വഴക്കിടുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

മകളുടെയും കുട്ടികളുടെയും മരണത്തിന് കാരണം ഭര്‍ത്താവും സിവില്‍ പോലിസ് ഓഫിസറുമായ റെനീസാണെന്നു ചൂണ്ടിക്കാട്ടി നജ്ലയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണം. റെനീസിനെ സഹായിക്കുന്ന തരത്തിലാണ് കേസിന്റെ അന്വേഷണം എന്ന് ആരോപിച്ച് നജ്‌ലയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിയത്.