ദിലീപിനെതിരെ വ്യാജ പരാതി നൽകിയത് ഡിവൈഎഫ്ഐ നേതാവ്, കേസിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്

കൊച്ചി: നടിക്കേസിൽ ജയിലിൽ കഴിയുന്ന ദിലീപീനെതിരെ വ്യാജ പരാതി നൽകിയത് ഡിവൈഎഫ്ഐ നേതാവെന്ന് പൊലീസ്. സംഭവത്തിൽ നേതാവിനെയും അഭിഭാഷകനെയും പൊലീസ് ചോദ്യം ചെയ്തു. വിലാസം തെറ്റായി അബദ്ധത്തിൽ കടന്നുകൂടിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ഇരുവരുടെയും ശ്രമം. ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് പ്രസിഡന്‍റ് കീഴ്മാട് സ്വദേശി എം.എം. ഗിരീഷ്, ആലുവ ബാറിലെ അഭിഭാഷകൻ സൈലേഷ് കുമാർ എന്നിവരെയാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ആലുവ പുറയാർ തച്ചങ്കാട്ടിൽ വീട്ടിൽ ജനാർദ്ദനന്‍റെ മകൻ ടി.ജെ. ഗിരീഷ്, പിതൃസഹോദരൻ ഗിരീശൻ എന്നിവരുടെ പേരിലാണ് ജയിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നത്.

ഇതിനെതിരെ ടി.ജെ. ഗിരീഷും ഗിരീശനും റൂറൽ എസ്‌പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് ഡി.വൈ.എഫ്.ഐ നേതാവിനെയും അഭിഭാഷകനെയും വിളിച്ചുവരുത്തിയത്.
ഡി.വൈ.എഫ്.ഐ നേതാവ് എം.എം. ഗിരീഷിന് വേണ്ടി പരാതി തയ്യാറാക്കിയത് അഭിഭാഷകനാണ്. അബദ്ധത്തിലാണ് ടി.ജെ. ഗിരീഷിന്റെ വിലാസം തെറ്റായി ചേർത്തതെന്നാണ് അഭിഭാഷകന്‍റെ വിശദീകരണം. ടി.ജെ. ഗിരീഷ് കുളവുമായി ബന്ധപ്പെട്ട ഒരു പരാതി തയ്യാറാക്കുന്നതിന് തന്നെ സമീപിച്ചിട്ടുണ്ടെന്നും ഈ അവസരത്തിൽ ലഭിച്ച വിലാസം എം.എം. ഗിരീഷിന്റെ പരാതിയിൽ അബദ്ധത്തിൽ ഉൾപ്പെട്ടതാണെന്നുമാണ് അഭിഭാഷകന്‍റെ വിശദീകരണം. ടി.ജെ. ഗിരീഷിന്‍റെ പിതൃസഹദോരന്‍റെ ഫോൺ നമ്പറും ഇത്തരത്തിൽ തന്‍റെ കൈവശം ഉണ്ടായിരുന്നതാണ്.

Loading...

പരാതിയിൽ നമ്പറും അറിയാതെ കടന്നുകൂടിയതാണ്. അഭിഭാഷകൻ തയ്യാറാക്കിയ പരാതി പാർട്ടി പ്രവർത്തകനാണ് കൈപ്പറ്റിയതെന്നും പൊതുവിഷയമായതിനാൽ അവർ തന്നെ ഒപ്പ് വച്ച് ജയിൽ ഡി.ജി.പിക്ക് അയക്കുകയായിരുന്നുവെന്നും അതിനാലാണ് തെറ്റായ വിലാസം കടന്നുകൂടിയത് അറിയാതിരുന്നതെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാവ് എം.എം. ഗിരീഷിന്‍റെ വിശദീകരണം. ഇരുവരുടെയും വിശദീകരണം പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
സംഭവം വിവാദമായതോടെ പരാതിയിൽ നിന്നും പിന്മാറണമെന്ന് അഭ്യർത്ഥനയുമായി ചിലർ ടി.ജെ. ഗിരീഷിനെയും ഗിരീശനെയും സമീപിച്ചിരുന്നു.

എന്ത് നഷ്ടം വേണമെങ്കിലും നൽകാമെന്നും വാഗ്ദാനം ചെയ്തെങ്കിലും പരാതിക്കാർ പിന്മാറിയില്ല. മേലിൽ ഇത്തരം കെണിയിൽപെടാതിരിക്കാൻ പരാതിയുമായി മുന്നോട്ട് പോകാനുമാണ് ഇരുവരുടെയും തീരുമാനം. വ്യാജ പരാതി തയ്യാറാക്കിയ സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന. ഇവർക്ക് ഭരണപരമായ സംരക്ഷണമുണ്ടെന്നും സൂചനയുണ്ട്. അവധി ദിവസങ്ങളിലും അല്ലാതെയും ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ദിലീപിനെ സന്ദർശിക്കുന്നതിന് കൂടുതൽ പേർക്ക് സൗകര്യം നൽകിയതും ഓണക്കോടി നൽകിയതുമെല്ലാം ചൂണ്ടികാട്ടിയാണ് പരാതി നൽകിയിരുന്നത്. സംഭവം വിവാദമായപ്പോൾ യഥാർത്ഥ പരാതിക്കാരനായി ഡി.വൈ.എഫ്.ഐ നേതാവ് എം.എം. ഗിരീഷ് രംഗത്തെത്തിയത്.